ഷാർജ: ഷാർജ സോഷ്യൽ സർവിസസ് ഡിപ്പാർട്മെന്റ് (എസ്.എസ്.എസ്.ഡി) അന്താരാഷ്ട്ര വയോജന ദിനം ആഘോഷിച്ചു. മുതിർന്ന പൗരന്മാരെ പിന്തുണക്കുന്നതിനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനുംവേണ്ടിയാണ് ഷാർജ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. അതിഥികളായ വയോജനങ്ങളെ സ്വീകരിക്കാൻ സ്കൂളുകളിൽനിന്ന് വിദ്യാർഥികളടക്കമുള്ളവർ സമ്മാനങ്ങളുമായി എത്തിയിരുന്നു.
ആഘോഷത്തിൽ പങ്കെടുത്ത ഷാർജ മ്യൂസിയം അതോറിറ്റി, ഷാർജ മാരിടൈം മ്യൂസിയം, ഷാർജ ആർട്ട് മ്യൂസിയം, ഷാർജ ഹെറിറ്റേജ് മ്യൂസിയം എന്നിവ വ്യത്യസ്ത ശിൽപശാലകൾ വയോജനങ്ങൾക്കായി അവതരിപ്പിച്ചു. ഇസ്ലാമിക കലാപരമായ അലങ്കാരങ്ങളെക്കുറിച്ചും മത്സ്യബന്ധന വലകളുടെ നിർമാണത്തെക്കുറിച്ചും മൺപാത്ര നിർമാണത്തെക്കുറിച്ചും സുഗന്ധദ്രവ്യ നിർമാണത്തെക്കുറിച്ചുമൊക്കെയായിരുന്നു ശിൽപശാലകൾ.
കൂടാതെ വയോജനങ്ങൾക്ക് ആസ്വദിക്കാനായി പരമ്പരാഗത ഗാനങ്ങളും അവതരിപ്പിക്കുകയുണ്ടായി. വീട്ടിലെ പ്രായമായ അംഗങ്ങൾക്കും മറ്റുള്ളവർക്കും മൊബൈൽ ക്ലിനിക്ക് വഴി സൗജന്യ മെഡിക്കൽ പരിശോധനകൾ നൽകുന്നതിനായി ഷാർജ സർവകലാശാലയും പരിപാടിയിൽ പങ്കെടുത്തു. ഷാർജ സർവകലാശാലയുമായി സഹകരിച്ച്, പ്രായമായവർക്ക് വൈദ്യപരിശോധന നടത്തി, വാർധക്യ സഹജമായ രോഗങ്ങളെക്കുറിച്ച് സമ്പൂർണപഠനം തയാറാക്കിയതായി സീനിയർ സർവിസസ് സെന്റർ ഡയറക്ടർ ഖുലൂദ് അൽ അലി വിശദീകരിച്ചു. ഗ്ലോബൽ നെറ്റ്വർക്ക് ഫോർ ഏജ് ഫ്രണ്ട്ലി സിറ്റീസ് ആൻഡ് കമ്യൂണിറ്റീസിന്റെ (ജി.എൻ.എ.എഫ്.സി.സി) സഹകരണത്തോടെ വയോജനങ്ങൾക്കായി മികച്ച അന്താരാഷ്ട്ര പരിശീലനങ്ങൾ നൽകാനാണ് ഷാർജ സോഷ്യൽ സർവിസ് ഡിപ്പാർട്മെന്റ് ആഗ്രഹിക്കുന്നതെന്ന് ഖുലുദ് അൽ അലി പറഞ്ഞു. പരിപാടിയിൽ അംഗങ്ങൾക്ക് തൈകൾ വിതരണം ചെയ്തു. ഒക്ടോബർ ഒന്ന്, അന്തർദേശീയ വയോജന ദിനത്തോടനുബന്ധിച്ച്, എല്ലാ എസ്.എസ്.എസ്.ഡി ശാഖകളിലും വയോജനങ്ങൾക്കായി വിനോദസഞ്ചാര യാത്രകൾ ഉൾപ്പെടെ നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.