അബൂദബി: അബൂദബിയില്‍ തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണ കാമ്പയിനുമായി പ്രാദേശിക ഭരണകൂടം. ഉത്തരവാദിത്തമുള്ള വളര്‍ത്തുമൃഗ ഉടമസ്ഥത പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബൂദബി നഗര, ഗതാഗത വകുപ്പ് കാമ്പയിന് തുടക്കമിട്ടത്.
തെരുവുമൃഗങ്ങളുടെ സംരക്ഷണ നിലവാരം ഉയര്‍ത്തി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. വളർത്തുമൃഗങ്ങളെ ഉത്തരവാദിത്തമില്ലാതെ തെരുവിൽ ഉപേക്ഷിച്ചാൽ കർശന നടപടി സ്വീകരിക്കാനാണ് മുനിസിപ്പാലിറ്റി തീരുമാനം. ഈ മൃഗങ്ങൾ പൊതുജനങ്ങൾക്ക് ഭീഷണിയുയർത്തിയാൽ ഉടമകളെ കണ്ടെത്തി നടപടിയെടുക്കും.
വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതിലൂടെയുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് മുനിസിപ്പാലിറ്റി പുതിയ കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. താമസകേന്ദ്രങ്ങളിലടക്കം തെരുവുനായ്ക്കള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. തെരുവുനായ്ക്കളെയോ നഷ്ടപ്പെട്ട നായ്ക്കളെയോ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നതടക്കമുള്ള കാര്യങ്ങള്‍ കാമ്പയിന്റെ ഭാഗമായി പ്രചരിപ്പിക്കുന്നുണ്ട്.
മൃഗങ്ങളെ വളർത്തുന്നവർ അവയെ വീട്ടുവളപ്പില്‍തന്നെ സൂക്ഷിക്കണമെന്നും ഭക്ഷ്യപദാര്‍ഥങ്ങള്‍ വലിച്ചെറിഞ്ഞ് തെരുവുമൃഗങ്ങളെ ആകര്‍ഷിക്കരുതെന്നും വകുപ്പ് ആവശ്യപ്പെട്ടു. അടുത്ത വർഷം മുതൽ ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ടിൽ അഫിലിയേറ്റ് ചെയ്ത മുനിസിപ്പാലിറ്റികൾ അവരുടെ ഏരിയകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കും. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയാണ് അവയുടെ എണ്ണം പെരുകുന്നത് തടയാനുള്ള ഫലപ്രദമായ മാര്‍ഗമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.