ലോക പൊലീസ് ഉച്ചകോടി ഇന്നു മുതൽ ദുബൈയിൽ

ദുബൈ: ലോക പൊലീസ് സേനകളുടെ മേധാവിമാർ സമ്മേളിക്കുന്ന ലോക പൊലീസ് ഉച്ചകോടി തിങ്കളാഴ്ച ദുബൈയിൽ തുടങ്ങും. ദുബൈ എക്സ്പോയിലെ എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന ഉച്ചകോടിയിൽ 200ഓളം പ്രഭാഷകർ പങ്കെടുക്കും. 150 എക്സിബിറ്റർമാർ പൊലീസ് സേനയുമായി ബന്ധപ്പെട്ട പ്രദർശനവുമായെത്തും.

മാർച്ച് 17ന് സമാപിക്കും. ഡിജിറ്റൽ ലോകത്തെ ക്രിമിനൽ കുറ്റങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നതായിരിക്കും പ്രധാന ചർച്ച. ക്രിപ്റ്റൊകറൻസി, റോബോട്ടിക്സ്, നിർമിതബുദ്ധി, വെർച്വൽ റിയാലിറ്റി തുടങ്ങിയവയുടെ ഉപയോഗവും ദുരുപയോഗവും ചർച്ച ചെയ്യപ്പെടും. യു.എൻ, ഇന്‍റർപോൾ, വിവിധ നഗരങ്ങളിലെ പൊലീസ്, സ്വകാര്യ മേഖലയിലെ സുരക്ഷ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. ഫോറൻസിക് സയൻസ്, മയക്കുമരുന്ന് ഉപയോഗം തടയൽ, ഡ്രോൺ ഉപയോഗത്തിന്‍റെ സാധ്യതകളും വെല്ലുവിളികളും തുടങ്ങിയവ ചർച്ചയാകും. പൊലീസ് സേനയുമായി ബന്ധപ്പെട്ട അതിനൂതന കണ്ടുപിടിത്തങ്ങൾ പ്രദർശനത്തിനെത്തും. ഇതുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകളും നടക്കും. ദുബൈ പൊലീസ് ഉപമേധാവി ലഫ്റ്റനന്‍റ് ജനറൽ ധാഹി ഖൽഫാൻ തമീം, യു.എൻ പൊലീസ് അഡ്വൈസർ ലൂയിസ് കാരിലോ, പൊലീസ് ചീഫ് ഇന്‍റർനാഷനൽ പ്രസിഡന്‍റ് ഡ്വൈറ്റ് ഹെന്നിങ്ങർ തുടങ്ങിയവർ പങ്കെടുക്കും.

worldpolicesummit.com എന്ന സൈറ്റ് വഴി സന്ദർശിച്ച് രജിസ്റ്റർ ചെയ്ത് സൗജന്യമായി എക്സിബിഷൻ കാണാം. കോൺഫറൻസുകളിൽ പങ്കെടുക്കണമെങ്കിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പണം അടക്കണം.

Tags:    
News Summary - Summit in Dubai from today World Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.