ദുബൈ: പ്രാദേശിക തേനീച്ച കർഷകരെ സാമ്പത്തികമായി പിന്തുണക്കാൻ ലക്ഷ്യമിട്ട് ദുബൈ മുനിസിപ്പാലിറ്റി നടത്തുന്ന ഹത്ത തേനുത്സവത്തിന്റെ എട്ടാമത് സീസണ് മധുരമായ തുടക്കം. ശുദ്ധമായതും പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതുമായ തേനുകൾ അന്വേഷിക്കുന്നവർക്കുള്ള ഏറ്റവും മികച്ച വിപണിയായാണ് ഹത്ത ഹണി ഫെസ്റ്റിവൽ അറിയപ്പെടുന്നത്. വൈവിധ്യമാർന്ന തേനും തേൻ ഉൽപന്നങ്ങളുടെ ശേഖരവുമായി 60ലധികം കർഷകരാണ് ഇത്തവണ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
യു.എ.ഇയുടെ പ്രാദേശിക കർഷകർ നിർമിക്കുന്ന സ്പെഷൽ തേനായ സിദ്ർ, സമർ എന്നീ തേൻ വകഭേദങ്ങളും ഇത്തവണ പ്രദർശനത്തിന്റെ മാറ്റുകൂട്ടുന്നു. മലമുകളിൽ വളരുന്ന സിദ്ർ, സമർ പൂവുകളിൽ നിന്ന് ശേഖരിക്കുന്ന അപൂർയിനം തേനാണിത്.
മലമുകളിൽ മനുഷ്യ സ്പർശമേൽക്കാതെ നിർമിക്കപ്പെടുന്ന ഈ തേനുകൾക്കാണ് ഏറ്റവും കൂടുതൽ വില. ജബൽ ജൈസിലെയും ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമയിലെയും മലമുകളിൽ നിന്നാണ് ഈ തേൻ കർഷകർ ശേഖരിക്കുന്നത്. കിലോക്ക് 1200 ദിർഹം വരെയാണ് ഇവയുടെ വില. മലിനമായ അന്തരീക്ഷത്തിൽനിന്ന് മാറി മലമുകളിൽ അപൂർവമായി കണ്ടുവരുന്ന ചെടിയാണ് സമർ. മനുഷ്യന്റെ ഇടപെടൽ ഒട്ടുമില്ലാതെ വളരുന്ന ഇവയിൽനിന്ന് ശേഖരിക്കുന്ന തേനുകൾക്ക് പ്രത്യേക ഔഷധ ഗുണമുണ്ടെന്നാണ് കർഷകർ പറയുന്നത്.
മുറിവുണക്കാനും പലവിധ അസുഖങ്ങൾ മാറ്റുന്നതിനും തേനുകൾക്കുള്ള കഴിവ് വളരെ പ്രശസ്തവുമാണ്. ബ്ലോസം തേനുകൾക്കാണ് ഏറ്റവും വിലക്കുറവ്. നവംബർ മുതൽ മാർച്ചുവരെയാണ് ഇതുൽപാദിപ്പിക്കാനുള്ള സമയപരിധി.
അതേസമയം, തേനുകൾ നുകരുന്നതോടൊപ്പം തേനീച്ച കൃഷിയോട് താൽപര്യമുള്ളവർക്ക് മികച്ച പഠന സൗകര്യവും ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നു. സ്റ്റാളുകളിൽ എത്തുന്ന സന്ദർശകരെ ഒരു സ്പൂൺ ശുദ്ധമായ തേൻ നൽകിയാണ് കർഷകർ സ്വീകരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് പ്രവേശനം. ഡിസംബർ 31ന് മേള അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.