പ്രവാസികൾക്ക്​ വിസ തട്ടിപ്പിനെതിരെ പരാതി നൽകാൻ സംവിധാനമായി

ദുബൈ: കേരളാ പൊലീസും സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ-മെയിൽ ഐഡികളും നിലവിൽവന്നു.

വിവിധ രാജ്യങ്ങളിൽ തൊഴിൽ തട്ടിപ്പിനിരയായി നിരവധിപേർ പ്രയാസത്തിലാകുന്ന സാഹചര്യത്തിലാണ്​ നടപടി സ്വീകരിച്ചത്​. മാസങ്ങൾക്ക്​ മുമ്പ്​ ദുബൈയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി നടന്ന മുഖാമുഖത്തിൽ 'ഓപ്പറേഷന്‍ ശുഭയാത്ര' ആരംഭിക്കുമെന്ന്​ നോർക്ക വൈസ്​ ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു.

കേരളാ പൊലീസാണ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. അനധികൃത റിക്രൂട്ട്‌മെന്‍റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികള്‍ ഇതിലൂടെ നേരിട്ടറിയിക്കാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലുമാണ്​ പരാതികള്‍ നൽകേണ്ടത്​.

തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ട്​സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പൊലീസ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഓപ്പറേഷന്‍ ശുഭയാത്ര നടപ്പിലാക്കാന്‍ തീരുമാനിച്ചത്. വ്യാജ റിക്രൂട്ട്മെന്‍റ്​, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് നിലവില്‍ നോര്‍ക്ക വകുപ്പും, നോര്‍ക്ക റൂട്ട്‌സും സത്വര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന്​ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിനു പുറമേയാണ് പ്രവാസികള്‍ക്ക് നേരിട്ട് പരാതി നല്‍കാനും നിയമനടപടിക്കുമുളള വിപുലമായ സംവിധാനം കൂടി നിലവില്‍ വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്‍റ്​ തട്ടിപ്പുകള്‍ തടയുന്നതിന് പോലീസ്​ സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി സ്റ്റേറ്റ് സെല്ലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ്​ യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - A system has been created for expatriates to file complaints against visa fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.