പ്രവാസികൾക്ക് വിസ തട്ടിപ്പിനെതിരെ പരാതി നൽകാൻ സംവിധാനമായി
text_fieldsദുബൈ: കേരളാ പൊലീസും സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ-മെയിൽ ഐഡികളും നിലവിൽവന്നു.
വിവിധ രാജ്യങ്ങളിൽ തൊഴിൽ തട്ടിപ്പിനിരയായി നിരവധിപേർ പ്രയാസത്തിലാകുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. മാസങ്ങൾക്ക് മുമ്പ് ദുബൈയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി നടന്ന മുഖാമുഖത്തിൽ 'ഓപ്പറേഷന്‍ ശുഭയാത്ര' ആരംഭിക്കുമെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു.
കേരളാ പൊലീസാണ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. അനധികൃത റിക്രൂട്ട്‌മെന്‍റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികള്‍ ഇതിലൂടെ നേരിട്ടറിയിക്കാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലുമാണ് പരാതികള്‍ നൽകേണ്ടത്.
തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പൊലീസ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഓപ്പറേഷന്‍ ശുഭയാത്ര നടപ്പിലാക്കാന്‍ തീരുമാനിച്ചത്. വ്യാജ റിക്രൂട്ട്മെന്‍റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് നിലവില്‍ നോര്‍ക്ക വകുപ്പും, നോര്‍ക്ക റൂട്ട്‌സും സത്വര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിനു പുറമേയാണ് പ്രവാസികള്‍ക്ക് നേരിട്ട് പരാതി നല്‍കാനും നിയമനടപടിക്കുമുളള വിപുലമായ സംവിധാനം കൂടി നിലവില്‍ വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്‍റ് തട്ടിപ്പുകള്‍ തടയുന്നതിന് പോലീസ് സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി സ്റ്റേറ്റ് സെല്ലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.