ദുബൈ: രാജ്യത്താകമാനം വേനൽച്ചൂട് കനത്തതോടെ താപനില 50 ഡിഗ്രിയിലേക്ക്. വെള്ളിയാഴ്ച അബൂദബി അൽ ദഫ്റയിലെ മസൈറയിൽ ഈ സീസണിലെ രാജ്യത്തെ ഏറ്റവും ശക്തമായ ചൂട് രേഖപ്പെടുത്തി. 49.9 ഡിഗ്രിയാണ് വെള്ളിയാഴ്ച ഉച്ച 3.15ന് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 49 ഡിഗ്രിക്ക് മുകളിൽ താപനിലയും 90 ശതമാനത്തിനു മുകളിൽ ഹുമിഡിറ്റിയും പ്രവചിച്ചിരുന്നു.
ജൂൺ 21, 22 ദിവസങ്ങളിലാണ് രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകലെന്ന് വിദഗ്ധർ നിരീക്ഷിച്ചിരുന്നു. 13 മണിക്കൂറും 48 മിനിറ്റുമാണ് ഈ ദിവസങ്ങളിലെ പകൽ ദൈർഘ്യം. ഇതോടെയാണ് രാജ്യത്ത് വേനൽക്കാലം സാധാരണഗതിയിൽ ഏറ്റവും ഉയർന്ന നിലയിലെത്തിത്തുടങ്ങുന്നത്. ജൂലൈ പകുതിയോടെ തുടങ്ങി ആഗസ്റ്റ് അവസാനം വരെയാണ് ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടാറുള്ളത്.
കനത്ത ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും കൂടുതൽ വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നുണ്ട്. അതോടൊപ്പം വെയിൽ ചൂടിൽ ഏറെ നേരം നിൽക്കുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് തൊഴിലാളികൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച 12.30 മുതൽ 3.00 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.