ദുബൈ: പ്രവാസലോകത്തെ പ്രവർത്തന പരിചയവുമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയവർക്ക് പരാജയം. കൂത്തുപറമ്പിെൻറ ചരിത്രം തിരുത്താനിറങ്ങിയ പൊട്ടങ്കണ്ടി അബ്ദുല്ല, ഖത്തറിലെ പ്രവാസി പാറക്കൽ അബ്ദുല്ല, ഷാർജ ഇന്ത്യൻ അസോസിയേഷെൻറ ഭാരവാഹിയായിരുന്ന എം.എ. ലത്തീഫ്, മുൻ മാധ്യമപ്രവർത്തകനും ലുലു ജീവനക്കാരനുമായിരുന്ന ശോഭ സുബിൻ, ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ എന്നിവരാണ് മുൻ പ്രവാസികളുടെ മേലാപ്പോടെ തെരഞ്ഞെടുപ്പിനിറങ്ങിയത്. എല്ലാവർക്കും തോൽവിയായിരുന്നു ഫലം.
കൂത്തുപറമ്പ് മണ്ഡലം പിടിച്ചെടുക്കാനാണ് പൊട്ടങ്കണ്ടി അബ്ദുല്ലയെ നിയോഗിച്ചത്. കെ.പി. മോഹനനെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചെവച്ചെങ്കിലും 9541 വോട്ടിന് തോൽക്കുകയായിരുന്നു. അൽ മദീന ഗ്രൂപ് ചെയർമാനായ അബ്ദുല്ല 45 വർഷമായി പ്രവാസ ലോകത്ത് സജീവമാണ്. 200ഓളം സ്ഥാപനങ്ങളുള്ള അദ്ദേഹത്തിന് പാർട്ടിക്കകത്തും പുറത്തുമുള്ള ബന്ധങ്ങൾ തുണയാകുമെന്നായിരുന്നു പ്രതീക്ഷ.കുറ്റ്യാടി പിടിക്കാനാണ് ലീഗ് സ്ഥാനാർഥിയായി പാറക്കൽ അബ്ദുല്ലയെ നിയോഗിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 333 വോട്ടിനാണ് സി.പി.എമ്മിെൻറ കെ.പി. കുഞ്ഞമ്മദ് കുട്ടിയോട് പരാജയം നുണഞ്ഞത്. അവസാന നിമിഷംവരെ അബ്ദുല്ല മുന്നിട്ടുനിന്നിരുന്നു. കോൺഗ്രസിെൻറ ബാനറിൽ ഉദുമയിൽ പോരിനിറങ്ങിയ ബാലകൃഷ്ണൻ പെരിയ 13,332 വോട്ടിനാണ് സി.എച്ച്. കുഞ്ഞമ്പുവിനോട് തോറ്റത്.ഐ.എൻ.എൽ- മുസ്ലിം ലീഗ് പോരാട്ടത്താൽ ശ്രദ്ധേയമായ കാസർകോട്ടാണ് എം.എ. ലത്തീഫ് മാറ്റുരച്ചത്. മുസ്ലിം ലീഗിെൻറ എൻ.എ. നെല്ലിക്കുന്ന് 12901 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ ജയിച്ചത്. ബി.ജെ.പി പ്രതീക്ഷവെച്ചിരുന്ന മണ്ഡലത്തിൽ ലത്തീഫ് മൂന്നാം സ്ഥാനത്തായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജോയൻറ് ട്രഷററും യു.എ.ഇ ഐ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. ഐ.എം.സി.സിയാണ് കെട്ടിവെക്കാനുള്ള പണം നൽകിയത്. എൽ.ഡി.എഫിെൻറ വിജയത്തിളക്കത്തിനിടയിലും ലത്തീഫിെൻറ തോൽവി ഇടതുപ്രവാസികൾക്ക് ക്ഷീണമായി.
ലുലു ഗ്രൂപ്പിലെ മുൻ ജീവനക്കാരനായ ശോഭ സുബിൻ കയ്പമംഗലത്താണ് പരീക്ഷണത്തിനിറങ്ങിയത്. സി.പി.ഐയിലെ ഇ.ടി. ടൈസണോട് 22,698 വോട്ടിന് പരാജയപ്പെട്ടു. ജില്ല പഞ്ചായത്തംഗമായിരുന്നു ശോഭ സുബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.