ദുബൈ: വ്യാഴാഴ്ച രാത്രിയിലെ എക്സ്പോ ഉദ്ഘാടന ചടങ്ങിൽ ഏവരുടെയും മനംകവർന്ന പെൺകുട്ടി ഇന്ത്യൻ വംശജ. മേളയുടെ തുടക്കം മുതൽ വേദിയിൽ നിറഞ്ഞു നിന്ന് ലോകത്തിെൻറ ശ്രദ്ധ പിടിച്ചുപറ്റിയത് മിറ സിങ് എന്ന 11വയസുകാരിയാണ്.
നാടോടിക്കഥ പറയുന്ന രീതിയിൽ അവതരിപ്പിച്ച പരിപാടിയിൽ സ്വദേശി വേശത്തിലെത്തിയ 'വല്ല്യുപ്പ'യോടൊപ്പം കൊച്ചുമകളായ അറബിപ്പെൺകുട്ടിയായാണ് മിറ വേഷമിട്ടത്. ദുബൈ ജെ.എസ്.എസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഇവർ ഉത്തരാഖണ്ഡ് സ്വദേശിയുടെ പുത്രിയാണ്. സ്വദേശി ബാലികമാരടക്കം നിരവധി പെൺകുട്ടികളെ മറികടന്നാണ് ഇന്ത്യക്ക് അഭിമാനമായി മിറക്ക് അപൂര്‍വാവസരം ലഭിച്ചത്.
രണ്ടര മണിക്കൂറോളം നടന്ന ഉദ്ഘാടനച്ചടങ്ങിൽ പഴയ തലമുറയെയും പുതു തലമുറയെയും പ്രതിനിധീകരിച്ച 'വല്ല്യുപ്പയും പെൺകുട്ടിയും'ഇമാറാത്തിെൻറ സംസ്കാരിക അടയാളങ്ങളായ വസ്ത്ര ധാരണത്തോടെയാണ് വേദിയിലെത്തിയത്. വയോധികൻ എക്സ്പോയുടെ ലോഗോക്ക് സമാനമായ പുരാതന സ്വർണ വള പെൺകുട്ടിക്ക് സമ്മാനിക്കുകയും അത് അവൾ ഉയർത്തിപ്പിടുക്കയും ചെയ്തതോടെയാണ് അൽ വസ്ൽ പ്ലാസയിൽ വർണവിസ്മയങ്ങൾ ദൃശ്യമായത്.
അവതരണത്തിെൻറ ആദ്യ ഘട്ടത്തിൽ തന്നെ മിറ ഏവരുടെയും മനംകവർന്നു. പിന്നീട് ഉദ്ഘാടനച്ചടങ്ങിലെ ഓരോ ഘട്ടത്തിലും പെൺകുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ചിരപുതാരതനമായ സംസ്കാരത്തിൽ നിന്ന് ഊർജമുൾകൊണ്ട് പ്രതീക്ഷാ നിർഭരമായ നാളെയിലേക്ക് സഞ്ചരിക്കുന്ന യു.എ.ഇയുടെ പുതു തലമുറയെയാണ് മിറയുടെ കഥാപാത്രം പ്രതിനിധീകരിച്ചത്. സ്വദേശി നടൻ ഹബീബ് ഗുലൂം ആണ് വല്ല്യുപ്പയായി വേഷമിട്ടത്.
കുട്ടിക്കാലം മുതൽ മോഡലിങ് രംഗത്ത് ശ്രദ്ധേയയായ മിറ സിങ് ഇൗ മേഖലയിൽ ഇതിനകം ശ്രദ്ധേയനായ മലയാളി ബാലൻ ഐസിൻ ഹാഷിെൻറ കൂടെ ഒട്ടേറെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടന മേഖലയിൽ കൂടുതൽ അവസരം ലഭിക്കാനും വളരാനുമുള്ള സ്വപ്നമാണ് മിറ പങ്കുവെക്കുന്നത്. ദുബൈയിൽ ബിസിനസുകാരനായ ജിതിൻ സിങ്–ശ്വേത ദമ്പതികളുടെ മകളാണ് മിറാ സിങ്. ഏക സഹോദരൻ: അർമാൻ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.