ദുബൈ: നിർമാണക്കമ്പനിയുടെ ഉടമ മുങ്ങിയതിനെ തുടർന്ന് മലയാളികളടക്കമുള്ള പതിനായിരത്തിലേറെ തൊഴിലാളികൾ ദുരിതത്തിൽ. ദുബൈ ആസ്ഥാനമായി പ്രവർത്തിച്ചുവന്ന കമ്പനിയുടെ തമിഴ്നാട് സ്വദേശിയായ ഉടമയാണ് പത്തുദിവസമായി മുങ്ങിയതെന്ന് തൊഴിലാളികൾ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം നിർമാണക്കമ്പനി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഉടമ കടന്നുകളഞ്ഞെതെന്നാണ് കരുതുന്നത്. ആകെ 12,600 തൊളിലാളികൾ ഇവിടെ പ്രവർത്തിച്ചിരുന്നു.
ഇവരിൽ വലിയ ശതമാനം മലയാളികളാണ്. ഉയർന്ന തസ്തികകളിലും സാധാരണ തൊഴിലാളികളായും മലയാളികളുണ്ട്. പലർക്കും ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിച്ചിട്ട് മാസങ്ങളായതായി പറയുന്നു.
യാത്രാവിലക്ക് നീങ്ങിയ ശേഷം നാട്ടിൽനിന്ന് സമീപ ദിവസങ്ങളിൽ ദുബൈയിലെത്തിയ തൊഴിലാളികളും കൂട്ടത്തിലുണ്ട്. ഇവർക്ക് ഒരു ദിവസം പോലും ജോലിക്ക് ഹാജരാകാൻ സാധിച്ചിട്ടില്ല. കൂട്ടത്തിൽ വിസ കാലാവധി കഴിഞ്ഞ് പ്രയാസപ്പെടുന്നവരുമുണ്ട്. വൈകാതെ വിസ പുതുക്കി നൽകുമെന്ന കമ്പനിയുടെ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ, ഉടമ കടന്നുകളഞ്ഞതോടെ ദുരിതത്തിലായിരിക്കയാണിവർ. ഉടമയെ സഹായിച്ചിരുന്ന കമ്പനിയുടെ മലയാളികളായ ജനറൽ മാനേജറും സി.എഫ്.ഒയും ലക്ഷങ്ങളുടെ വസ്തുക്കൾ വിറ്റ് പൈസയുമായി കടന്നതായും തൊഴിലാളികൾ ആരോപിക്കുന്നു. പത്തുവർഷത്തിലേറെയായി കമ്പനിയിൽ ജോലി ചെയ്തവരും തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. 3000 ദിർഹം നൽകാം, കാൻസൽ പേപ്പറിൽ ഒപ്പുവെച്ചുനൽകണം എന്നാണ് എച്ച്.ആർ വകുപ്പിൽ അന്വേഷിക്കുേമ്പാൾ അറിയിക്കുന്നതെന്നും ജീവനക്കാർ പറയുന്നു. എന്നാൽ മിക്കവർക്കും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളായി വലിയ തുക കിട്ടാനുള്ളതിനാൽ ചെറിയ തുക കൈപ്പറ്റി കാൻസൽ പേപ്പറിൽ ഒപ്പുവെക്കാൻ സാധിക്കാത്ത സാഹചര്യമാണെന്ന് ഇവർ കൂട്ടിച്ചേർത്തു. ചില തൊഴിലാളികൾക്ക് ബാങ്കിലും മറ്റും വലിയ ബാധ്യതയുമുണ്ട്. കുടുംബമായി കഴിയുന്നവർക്ക് ദുരിതം ഇരട്ടിയാണ്. ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ടെർമിനേഷൻ ലെറ്റർ തരാൻ ആവശ്യപ്പെട്ടിട്ട് നൽകുന്നില്ലെന്നും മൂന്നുമാസത്തിനുശേഷം പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നതെന്നും തൊഴിലാളികൾ പറഞ്ഞു.
നിയമ നടപടി സ്വീകരിച്ച് ആനുകൂല്യങ്ങൾ വാങ്ങിയെടുക്കാനുള്ള ആലോചനയിലാണ് ഒരു വിഭാഗം തൊഴിലാളികൾ. ചുരുക്കം ചിലർക്ക് മറ്റു ചില കമ്പനികളിൽ ഇതിനകം ജോലി ശരിയായിട്ടുണ്ട്. ചിലർ നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹത്തിലാണ്. എന്നാൽ കമ്പനി ഉടമ മുങ്ങിയ സാഹചര്യത്തിൽ നടപടിക്രമങ്ങൾ സംബന്ധിച്ച് എല്ലാവരും ആശങ്കയിലാണെന്ന് തൊഴിലാളികൾ പറഞ്ഞു. ആരോഗ്യപരമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരും കൂട്ടത്തിലുണ്ട്. വിസ കാലാവധി കഴിഞ്ഞതിനാൽ പിഴ അടക്കാതെ നാട്ടിലേക്ക് പോകാൻ കഴിയില്ലെന്നത് ഇവരെ കുഴക്കുന്നു.
മലയാളികളായ സാമൂഹിക പ്രവർത്തകരാണ് നിലവിൽ ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത്. കമ്പനിയിലെ 187 ജോലിക്കാർ താമസിക്കുന്ന ജബൽ അലിയിലെ ലേബർ ക്യാമ്പിൽ ദുരിതത്തിലായ തൊഴിലാളികൾക്ക് വിവിധ സന്നദ്ധപ്രവർത്തകർ ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കൾ കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചു. യു.എ.ഇ സർക്കാറിെൻറ 100 മില്യൻ മീൽസ് പദ്ധതിയിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ ഫുഡ്ബാങ്ക് എത്തിച്ചുനൽകി. ജീവകാരുണ്യ ഹസ്തം എന്ന മലയാളി സന്നദ്ധ സംഘടനയും ആവശ്യമായ സഹായങ്ങൾ നൽകിയതായി ഭാരവാഹികളായ ഹാജറ തൃശൂർ, നിസാർ പട്ടാമ്പി എന്നിവർ അറിയിച്ചു. ഫീഡ് ലേബർ എന്ന സന്നദ്ധ സംഘടനയും ഭക്ഷണമെത്തിച്ചുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.