ദുബൈ: വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ പരീക്ഷണ ശാലയാണ് ദുബൈയിൽ ഇന്നലെ തുടക്കം കുറിച്ച ഏഷ്യ കപ്പ് ക്രിക്കറ്റ്. ആസ്ട്രേലിയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യ ഉൾപെടെയുള്ള ടീമുകൾക്ക് പരീക്ഷണങ്ങൾ നടത്താൻ ഇതുപോലൊരു അവസരം ലഭിച്ചെന്ന് വരില്ല. ഇന്ന് നടക്കുന്ന ഇന്ത്യ-പാക് മത്സരം പോലും അത്തരത്തിലുള്ള പരീക്ഷണങ്ങൾക്ക് വേദിയാകും.
ലോകക്രിക്കറ്റിലെ ഏറ്റവും ശക്തമായ വൻകരയിലെ ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റാണ് ഏഷ്യകപ്പ്. ക്രിക്കറ്റിലെ ആദ്യ പത്ത് റാങ്കിങിൽ വരുന്ന ടീമുകളിൽ അഞ്ചും ഈ ടൂർണമെന്റിലുണ്ട്. അതിനാൽ, മിനി ലോകകപ്പ് എന്ന് വിശേഷിപ്പിച്ചാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. ഇന്ത്യയും പാകിസ്താനും ശ്രീലങ്കയുമാണ് പ്രധാന ടീമുകളെങ്കിലും ബംഗ്ലാദേശും അഫ്ഗാനിസ്താനുമെല്ലാം ഏത് നിമിഷവും അട്ടിമറി നടത്താൻ കെൽപുള്ളവരാണ്. ഏത് നിമിഷവും കളി മാറി മറിയുന്ന ട്വന്റി-20യിൽ ചെറുടീമുകളോടും വലിയ ടീമുകളോടും ഒരേ സമയം ഏറ്റുമുട്ടാൻ കഴിയുന്നത് നല്ലതാണ്. ലോകകപ്പിന് മുൻപ് ഇനി ചെറിയ പരമ്പരകൾ മാത്രമെ ഉണ്ടാകൂ. ഇത് പോലൊരു വലിയ ടൂർണമെന്റ് ലഭിക്കില്ല.
ഇന്ത്യ ഈ വർഷം എട്ട് നായകൻമാരെയാണ് പരീക്ഷിച്ചത്. അതിൽ പലരും ഈ ടൂർണമെന്റിൽ കളിക്കുന്നുണ്ട്. ലോകകപ്പിന് ഇന്ത്യ കണ്ട് വെച്ചിരിക്കുന്നത് രോഹിത് ശർമയെ തന്നെയാണ്. അതിനാലാണ് ഏഷ്യ കപ്പിൽ രോഹിതിന് നായകവേഷം തിരിച്ചേൽപിച്ചത്. ലോകകപ്പിന് മുൻപായി ഓപണിങും മിഡിൽ ഓർഡറും സ്ഥിരത കൈവരിക്കാനുള്ള അവസരവുമായിരിക്കും ഏഷ്യകപ്പ്. സഞ്ജു സാംസണെ പുറത്തിരുത്തിയതും ലോകേഷ് രാഹുലിനെ തിരിച്ചെത്തിച്ചതുമെല്ലാം പുതിയൊരു ടീമിന്റെ നിർമിതിയിലേക്കാണ് വിരൽചൂണ്ടുന്നത്. കഴിഞ്ഞ വർഷം കൈവിട്ട കിരീടം വീണ്ടെടുക്കലാണ് പാകിസ്താന്റെ ലക്ഷ്യം.
പ്രധാന ബൗളർ ഷഹീൻ അഫ്രീദിക്ക് പരിക്കേറ്റത് ക്ഷീണമാണെങ്കിലും മറ്റ് ബൗളർമാർക്ക് ഈ അവസരം മുതലെടുക്കാനും കഴിയും. ശ്രീലങ്കക്ക് ഇത് പയറ്റിത്തെളിയാനുള്ള സമയമാണ്. ഹസരംഗയെ പോലെ മികച്ച ഒാൾറൗണ്ടറെ ലഭിച്ച ശ്രീലങ്ക അടുത്തിടെ ഭേതപ്പെട്ട പ്രകടനമാണ് നടത്തുന്നത്. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനുള്ള വേദികൂടിയാണിത്. സ്വന്തം നാട്ടിൽ നടക്കേണ്ട ടൂർണമെന്റാണിതെന്ന പരിഭവം അവർക്ക് ഇല്ലാതില്ല. ആഭ്യന്തര പ്രശ്നങ്ങളാണ് ടൂർണമെന്റിന്റെ യു.എ.ഇയിൽ എത്തിച്ചത്. അഫ്ഗാനിസ്താനും ബംഗ്ലാദേശിനും തങ്ങൾ കുഞ്ഞൻമാരല്ല എന്ന് വിളിച്ചറിയിച്ച് ലോകകപ്പിന് തയാറെടുക്കാൻ ഏഷ്യകപ്പ് വേദിയൊരുക്കും.
അതേസമയം, ഏഷ്യകപ്പിന്റെ ഏറ്റവും ആവേശപ്പോരാട്ടത്തിൽ ഇന്ന് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. കഴിഞ്ഞ ലോകകപ്പിൽ പാകിസ്താനിൽ നിന്നേറ്റ പരാജയത്തിന് കണക്ക് തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പാഡണിയുന്നത്. വൈകുന്നേരം ആറ് മുതൽ ദുബൈ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ പ്രവാസലോകം ഒന്നടങ്കം ഒഴുകിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.