കുതിച്ചുയരുന്ന ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടാൻ കഴിയില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി നൽകിയ കത്തിന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് മറുപടി നൽകിയത്. എന്നാൽ, 35 വർഷമായി പ്രവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താൻ കേന്ദ്ര സർക്കാറല്ലാതെ മറ്റാരാണ് ഇടപെടുക? ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി നിലനിൽക്കുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചിറ്റമ്മനയം തുടരുന്നതിൽ കടുത്ത എതിർപ്പാണ് പ്രവാസ ലോകത്ത് നിന്നുയരുന്നത്.
അറബിപ്പൊന്ന് വാരിയെടുത്ത് സമ്പന്നരാകാൻ മോഹിച്ച് എത്തിയവരല്ല ഭൂരിഭാഗം പ്രവാസികളും. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ചെറു ശമ്പളത്തിൽ ജോലിനോക്കുന്നവരാണ് മഹാഭൂരിപക്ഷവും. അവധി ദിനങ്ങളിൽ വീടണയാനുള്ള അവരുടെ മോഹങ്ങൾക്കാണ് വിമാനക്കമ്പനികൾ കത്തിവെക്കുന്നത്. ഇതിനെതിരെയുള്ള പ്രവാസികളുടെ നിലവിളികൾ സ്വന്തം സർക്കാർ പോലും ചെവിക്കൊള്ളാൻ തയാറല്ലെന്നത് ഖേദകരമാണ്.
എയർ ഇന്ത്യയെക്കൂടി ടാറ്റ ഏറ്റെടുത്തതോടെ ഇന്ത്യയിലെ വ്യോമമേഖല പൂർണമായും സർക്കാർ നിയന്ത്രണത്തിലല്ലാതായിരിക്കുകയാണ്. ഇതുമൂലം അമിതമായ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാറിന് കഴിയുന്നില്ല. വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്ന നിയമനിർമാണം പാർലമെന്റിൽ നടത്തിയാൽ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാനാവൂ. പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന എയർ കേരള ഇതുവരെ നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടില്ല.
പലതവണ മുഖ്യമന്ത്രിയെ ഇക്കാര്യം ധരിപ്പിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. അമിത വിമാന നിരക്ക് വിഷയത്തിൽ പ്രധാനമന്ത്രിയെയും കണ്ടിരുന്നു. യൂസുഫലി, രവി പിള്ളയെ പോലുള്ള വ്യവസായ പ്രമുഖർ പ്രവാസികളുടെ ദുരിതം കണക്കിലെടുത്ത് വിഷയത്തിൽ ഇടപെടണം -വൈ.എ. റഹിം (പ്രസിഡന്റ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ).
പ്രവാസി യാത്രപ്രശ്നങ്ങൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ഒരു തരത്തിലുള്ള ഇടപെടലും നടത്താൻ കഴിയില്ലെന്ന കേന്ദ്ര സർക്കാറിന്റെ നിഷേധാത്മക സമീപനത്തെ ശക്തമായി എതിർത്തു തോൽപിക്കേണ്ടതുണ്ട്. ഇതിനെതിരെ പ്രവാസി സംഘടനകൾ ഒരുമിച്ച് രംഗത്തുവരണം. പ്രവാസികൾക്കു നേരെയുള്ള വലിയ വെല്ലുവിളിയായി മാത്രമേ കേന്ദ്ര നിലപാടിനെ കാണാൻ കഴിയൂ- അനീഷ് മണ്ണാർക്കാട് (ജനറൽ സെക്രട്ടറി, ഓർമ).
കേന്ദ്ര നിലപാട് പ്രവാസികളുടെ മുഖത്ത് കാർക്കിച്ചുതുപ്പുന്നതിന് തുല്യമാണ്. വിമാന യാത്രക്കൂലിയിൽ ഒരു പരിധി നിലനിർത്തുകയും അതിൽ കൂടുതൽ വർധിപ്പിക്കാതിരിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ എടുക്കുകയും വേണം. ആഭ്യന്തര എയർലൈൻ പോലും സ്വകാര്യ കുത്തകകൾക്ക് കൈമാറി പ്രവാസികളെ കൊള്ളയടിക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻവലിഞ്ഞ് പ്രവാസികളുടെ വർഷങ്ങളായുള്ള മുറവിളിക്ക് ഉത്തരം നൽകണം- മുഹമ്മദ് ജാബിർ (ജനറൽ സെക്രട്ടറി, ഇൻകാസ് യു.എ.ഇ).
നാട്ടിലേക്ക് അവധിക്ക് പോകാൻ തിരഞ്ഞെടുക്കുന്ന സ്കൂൾ അവധിക്കാലത്തും ആഘോഷ അവസരങ്ങളിലും വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നത് പ്രവാസിയുടെ നട്ടെല്ലൊടിക്കുന്ന നടപടിയാണ്. പ്രവാസി സംഘടനകളും പ്രവാസികളും കേന്ദ്ര സർക്കാറിന്റെ സമീപനത്തിൽ നിരാശരാണ്.
തിരക്കുള്ള സമയങ്ങളിൽ വിമാന നിരക്കിൽ കുറവ് വരണമെങ്കിൽ സർവിസുകളുടെ എണ്ണം വർധിപ്പിക്കുകയോ അധിക സീറ്റുകളുള്ള വലിയ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്തുകയോ വേണം. ഫ്ലൈ ദുബൈയും വിസ് എയറുമടക്കം അടക്കം യു.എ.ഇയിലെ വിവിധ വിമാന കമ്പനികൾ അധിക സർവിസുകൾ നടത്താനും പുതിയ സർവിസുകൾ തുടങ്ങാനും സന്നദ്ധമായിരിക്കെ ഇത്തരം കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകണം- മുബാറക് മുസ്തഫ (പ്രസിഡന്റ്, ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ).
അമിത വിമാന ടിക്കറ്റ് നിരക്കിനെതിരെ ഒന്നും ചെയ്യാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പോലെ കേരളത്തിൽനിന്നും ശക്തമായ പ്രതിഷേധം ഉയരണം. പ്രശ്നപരിഹാരത്തിനായി പ്രവാസി കൂട്ടായ്മകൾ ഒരുമിച്ചുനിന്ന് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണം; എയർ കേരള പോലെ ബദൽ മാർഗങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ കേരള സർക്കാറും. യാത്രക്കാരുടെ തിരക്കും വിമാന ഇന്ധനവില വർധനയും നിരക്കുവർധനക്ക് കാരണമാണെന്ന കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിപ്രായം അംഗീകരിക്കാനാവില്ല-സിറാജുദ്ദീൻ ഷമീം (ആക്ടിങ് പ്രസിഡൻറ്, പ്രവാസി ഇന്ത്യ യു.എ.ഇ).
ഗൾഫ് സെക്ടറിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവിസ് തുടങ്ങുന്നതിലൂടെ മാത്രമേ ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കാൻ കഴിയൂ. കേന്ദ്ര സർക്കാർ വിമാന കമ്പനികളിൽ സമ്മർദം ചെലുത്തി നിരക്ക് കുറക്കാൻ നടപടി സ്വീകരിക്കാൻ ഇനിയും വൈകരുത്-ഡോ. നിഷാം നൂറുദ്ദീൻ (പ്രസിഡന്റ്, ഐ.ആർ.സി, റാസൽഖൈമ).
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ യാത്ര ചെയ്യുന്ന സംസ്ഥാനം എന്ന നിലക്ക് കേരള സർക്കാറിന്റെ ഭാഗത്തുനിന്നുള്ള പലതരത്തിലുള്ള ഇടപെടലുകളെയും കണ്ടില്ലെന്നു നടിക്കുകയാണ് കേന്ദ്രസർക്കാർ. വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ ചാർട്ടേഡ് വിമാന പദ്ധതിയുമായി മുന്നിട്ടിറങ്ങിയപ്പോഴും അനുകൂലമായല്ല കേന്ദ്രസർക്കാർ പ്രതികരിച്ചത്. പ്രവാസികളുടെ കൂട്ടായ പ്രതിഷേധങ്ങളിലൂടെ മാത്രമേ ഇതിനൊരു അറുതിവരുത്താൻ സാധിക്കൂ-ചന്ദ്രന് ബേപ്പ് (ജനറല്‍സെക്രട്ടറി, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാന്).
വിമാന ടിക്കറ്റ് നിരക്ക് വർധനവിൽ ഇടപെടാനാവില്ലെന്ന കേന്ദ്ര സർക്കാറിന്റെ നിലപാട് പ്രതിഷേധാർഹവും അപലപനീയവുമാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസികളും മുഖ്യമന്ത്രി പിണറായി വിജയനും അയച്ച കത്തിന് ഒരു വിലയും കൽപിക്കാതെ വിമാന കമ്പനിക്ക് അനുകൂലമായി നിൽക്കുന്ന വ്യോമയാന മന്ത്രിക്കെതിരെ കേരളത്തിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി പ്രതികരിക്കണം.
ഇപ്പോഴത്തെ നിരക്ക് കൂടാൻ യാത്രക്കാരുടെ തിരക്കും വിമാന ഇന്ധനവില വർധനയും കാരണമാണെന്ന കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിപ്രായം അംഗീകരിക്കാനാവില്ല- പുന്നക്കൻ മുഹമ്മദലി (പ്രസിഡന്റ്, ചിരന്തന).
ബി.ജെ.പിക്ക് വോട്ടുകിട്ടാൻ സാധ്യതയുള്ള പ്രവാസികൾ ഇല്ലെന്ന വിലയിരുത്തലാണ് വിമാന ടിക്കറ്റ് നിരക്ക് വർധനക്കെതിരെ കേന്ദ്രം നിഷേധാത്മക നിലപാടെടുക്കാൻ കാരണം. ഒരു രാജ്യത്തിന്റെ വരുമാനത്തിന്റെയും വികസനത്തിന്റെയും മുഖ്യ നട്ടെല്ലായ പ്രവാസി ജനതയോടുള്ള തികഞ്ഞ അവഗണനയാണിത്. ഇതിനെതിരെ തങ്ങളുടെ വോട്ടിലൂടെ തക്കതായ മറുപടി നൽകാൻ പ്രവാസികൾക്ക് സാധിക്കണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിനുള്ള പ്രവാസികളുടെ വിഷയം എന്ന നിലക്ക് മുഴുവൻ രാഷ്ടീയ, രാഷ്ട്രീയേതര സംഘടനകളും ഇത് ഒരു മനുഷ്യവകാശ പ്രശ്നമായും ഉയർത്തിക്കൊണ്ടുവരണം-ഡോ. വി.ടി . ഇഖ്ബാൽ (സാമൂഹിക- മന:ശാസത്ര പ്രവർത്തകൻ).
ഗൾഫ് മേഖലയിലെ ഇന്ത്യൻ പ്രവാസികളുടെ യാത്രാദുരിതം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അല്ലാതെ ആരാണ് നടപടി സ്വീകരിക്കേണ്ടത്? പ്രവാസികൾക്ക് സുഗമവും കുറഞ്ഞ നിരക്കിലുമുള്ള യാത്രക്ക് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. പ്രവാസികളോടുള്ള സർക്കാർ അവഗണനക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി ശബ്ദമുയർത്തണം-എസ്.എ. സലിം (പ്രസിഡന്റ്, ഇന്ത്യൻ അസോസിയേഷൻ, റാസൽഖൈമ).
പ്രവാസി മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂള്‍ അവധിക്കാലത്ത് അനുഭവിക്കുന്ന കൊടിയ ചൂഷണത്തിനെതിരെ ഇടപെടലുകള്‍ ഒന്നും നടത്താനാവില്ലെന്ന കേന്ദ്ര നിലപാട് ഖേദകരമാണ്. സംസ്ഥാന മുഖ്യമന്ത്രി ആവശ്യമുന്നയിച്ചിട്ടുപോലും അനൂകൂലമായ പ്രതികരണം പോലും വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
എം.പിമാര്‍ സമര്‍പ്പിച്ച സബ്മിഷനുകളും മുഖ്യമന്ത്രിയുടെ നിവേദനവും തള്ളിക്കളയുന്ന തരത്തിലാണ് മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. വിമാനയാത്ര നിരക്കുകള്‍ തീരുമാനിക്കുന്നത് വിമാനക്കമ്പനികളാണെന്നും കേന്ദ്രസര്‍ക്കാറിന് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നുമുള്ള വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പാർലമെന്റിലെ വിശദീകരണം ഏറെ നിരാശജനകവും പ്രവാസികളെ മനപ്പൂർവം അവഗണിക്കുന്നതുമാണ്-പുത്തൂര്‍ റഹ്മാന് (പ്രസിഡന്റ്, കെ.എം.സി.സി യു.എ.ഇ നാഷനല്‍ കമ്മിറ്റി).
കേന്ദ്ര സർക്കാറിന്റെ പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ചയുടെ ഭാഗമാണ് യാത്രക്കൂലി വർധനയിലെ നിഷേധാത്മക നിലപാട്. കേന്ദ്ര മന്ത്രിസഭയിൽ നിന്നും പ്രവാസികാര്യ വകുപ്പ് നീക്കം ചെയ്തതുമുതൽ തന്നെ തുടങ്ങിയതാണ് എൻ.ഡി.എ സർക്കാറിന്റെ ഈ അവഗണന.
പ്രവാസികൾക്ക് ഒരു കാലത്തും ഒരു പരിഗണനയും നൽകാത്ത സർക്കാറാണ് കേന്ദ്ര സർക്കാർ എന്ന് ഈ വിഷയത്തിലൂടെ വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. വിമാന ടിക്കറ്റ് ചാർജ് വർധനയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ അനുവർത്തിച്ചുകൊണ്ടിരിക്കുന്ന തികച്ചും ജനവിരുദ്ധമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു-എ.കെ. ബീരാൻ കുട്ടി (അബൂദബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.