ദുബൈ: കോവിഡ് അതിജീവനത്തിനായി 2020-21 കാലത്ത് രൂപപ്പെടുത്തിയ റിക്കവറി പ്ലാൻ പൂർണ വിജയമെന്ന് യു.എ.ഇയുടെ മന്ത്രിസഭയുടെ അവലോകനം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പദ്ധതി അവലോകനം നടത്തിയത്. ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ 33 സംരംഭങ്ങൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്ത പദ്ധതി നൂറുശതമാനം വിജയിച്ചതായി യോഗം വിലയിരുത്തി. സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുകയും പുതു വിപണികളിലേക്ക് പ്രവേശനം നേടുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോടെയാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്.
കോവിഡ് ഭീതിക്കിടയിലും 2021ൽ മൊത്ത ആഭ്യന്തര ഉൽപാദനം(ജി.ഡി.പി) 3.8ശതമാനമായി നിലനിർത്താൻ പദ്ധതിയിലൂടെ സാധിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങൾ പ്രവചിച്ച കണക്കുകളേക്കാൾ 1.7 ശതമാനം കൂടുതയാണിത്. എണ്ണ ഇതര ജി.ഡി.പി അതേ വർഷം 5.3 ശതമാനത്തിലെത്തിയതും വലിയ മുന്നേറ്റമാണ്. രാജ്യത്തെ എണ്ണ ഇതര കയറ്റുമതിയും 47 ശതമാനം വർധിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ ഒഴുക്ക് 16 ശതമാനം ഈ കാലയളവിൽ വർധിച്ചിട്ടുണ്ട്. പുതിയ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 126 ശതമാനം കൂടിയെന്നും റിപ്പോറട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക മുന്നേറ്റത്തിന്‍റെ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് നികുതി ചട്ടങ്ങളിൽ നിരവധി ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ബിസിനസ്, നിക്ഷേപ അന്തരീക്ഷം ഊഷ്മളമാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണിത്. കോർപറേറ്റ് നികുതി നിയമവുമായി ഏകോപനവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നികുതി നടപടിക്രമങ്ങളിലെ ഫെഡറൽ നിയമ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. അബൂദബി ഖസ്ർ അൽ വതനിലാണ് മന്ത്രിസഭാ യോഗം നടന്നത്.
2022ന്‍റെ ആദ്യ പാദത്തിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ യു.എ.ഇക്ക് സാധിച്ചതായി നേരത്തെ കണക്കുകൾ പുറത്തു വന്നിരുന്നു. ഹോട്ടൽ ഒക്യുപെൻസി ഈ സമയത്ത് 82ശതമാനമായിരുന്നു. കോവിഡിനെ ഏറ്റവും ആസൂത്രിതമായ രീതിയിൽ പ്രതിരോധിക്കാനും വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാനും സാധിച്ചതാണ് യു.എ.ഇക്ക് യാത്ര മേഖലയിൽ മുന്നേറ്റത്തിന് സാധിച്ച ഘടകം. യു.എ.ഇയിലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച വിശ്വാസം ലോകതലത്തിൽ വർധിക്കാൻ ഇക്കാലത്തെ നടപടികൾ കാരണമായി. എക്സ്പോ 2020 ദുബൈ പോലുള്ള അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പരിപാടികളും വിനോദ സഞ്ചാരികളുടെ ഒഴുക്കിന് സഹായിച്ചു.
സുരക്ഷതത്വവും യു.എ.ഇയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന സുപ്രധാന ഘടകമാണ്. കോവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് വരും മാസങ്ങളിലും കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.