ഷാർജ: എമിറേറ്റിലെ കിഴക്കൻ മേഖലയിൽ മഴയെ തുടർന്ന് മാറിത്താമസിച്ച കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. രക്ഷാപ്രവർത്തനവും ശുചീകരണവും പൂർത്തിയായതോടെ റോഡുകളിലെയും വീടുകളിലെയും വെള്ളം ഒഴിഞ്ഞതോടെയാണ് താമസക്കാരുടെ മടക്കം തുടങ്ങിയത്. ഷാർജയിലെ അടിയന്തര ദുരന്തനിവാരണ ടീം, മഴക്കെടുതിയിലകപ്പെട്ട കുടുംബങ്ങളെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കാനാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. റോഡുകൾ തുറന്ന് വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
നാശനഷ്ടമുണ്ടായ വീടുകളുടെ സുരക്ഷയും സംഘം ഉറപ്പാക്കുന്നുണ്ട്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ്, ഷാർജ സിറ്റി മുനിസിപ്പാലിറ്റി, കൽബ സിറ്റി മുനിസിപ്പാലിറ്റി, ഷാർജ റോഡ് ഗതാഗത അതോറിറ്റി, ഷാർജ വൈദ്യുതി-ജല-ഗ്യാസ് അതോറിറ്റി, ഡിപ്പാർട്മെൻറ് ഓഫ് സിവിൽ ഡിഫൻസ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് പ്രവർത്തനം നടക്കുന്നത്.
മഴയിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച 173 കുടുംബങ്ങൾ ഉൾപ്പെടെ 1,100 പേർക്ക് മൂന്ന് വ്യത്യസ്ത സ്കൂളുകളിലായി അഭയം നൽകിയിരുന്നു. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷ വിഭാഗത്തിലെ 528 അംഗങ്ങളും മുനിസിപ്പാലിറ്റികളിലെയും മറ്റ് വകുപ്പുകളിലെയും 621 ഫീൽഡ് സ്റ്റാഫുകളും 55 പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥരും 321 ഹെവി വാഹനങ്ങളും സജീവമായി ഇടപെട്ടിട്ടുണ്ട്.
വെള്ളം നിറഞ്ഞ കൽബ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ട് നീക്കുന്ന പ്രവർത്തനം തിങ്കളാഴ്ച മുതൽ ഊർജിതമാക്കിയിരുന്നു. നൂറിലേറെ ടാങ്കർ ലോറികളാണ് വെള്ളം ശേഖരിച്ച് കടലിലേക്കൊഴുക്കിയത്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ ലഭിച്ചത്. ഷാർജ എമിറേറ്റിന്റെ ഭാഗമായ കൽബ, ദിബ്ബ അൽ ഹിസ്ൻ, ഖോർഫക്കാൻ എന്നിവിടങ്ങളിലും ഫുജൈറയുടെ ചില ഭാഗങ്ങളിലും മഴ ലഭിച്ചു.
സർക്കാറിന്റെ സാങ്കേതിക വിഭാഗം വെള്ളം ഉയർന്ന പ്രദേശങ്ങൾ സന്ദർശിക്കുകയും വീടുകളുടെ നാശനഷ്ടം വിലയിരുത്തുകയും ചെയ്തിരുന്നു. താമസത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിലുള്ളവർക്ക് അധികൃതർ സ്ഥിര സംവിധാനം നിർമിക്കുന്നത് വരെ അധികൃതർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.