ദുബൈ: ലോകത്തിന്റെ നാലുദിക്കിൽനിന്നും രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി ഭക്ഷ്യ, പാനീയ ഉൽപാദന വിതരണരംഗത്തെ ലോകത്തെ ഏറ്റവും വലിയ പ്രദർശനമായ ‘ഗൾഫുഡി’ന്റെ 28ാം എഡിഷന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. അതിവേഗം വളരുന്ന ഭക്ഷ്യോൽപാദന രംഗത്തെ വൈവിധ്യങ്ങളും നൂതന കാഴ്ചപ്പാടുകളുമാണ് അഞ്ചുദിവസം നീളുന്ന മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പുതിയ 1500 സ്റ്റാളുകളടക്കം അയ്യായിരത്തിലേറെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പവിലിയനുകളാണ് ഒരുക്കിയിട്ടുള്ളത്. ആദ്യദിനം പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് പ്രദർശനം കാണാൻ വേൾഡ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തിങ്കളാഴ്ച മേള സന്ദർശിച്ച് പ്രദർശനം വീക്ഷിച്ചു.
കഴിഞ്ഞ വർഷത്തേക്കാൾ പ്രദർശകരുടെ എണ്ണത്തിൽ 30 ശതമാനം വളർച്ച രേഖപ്പെടുത്തിയ മേളയിൽ പുതുതായി എത്തിച്ചേർന്ന എക്സിബിഷനുകൾക്ക് പ്രത്യേക ഏരിയ തന്നെ ഒരുക്കിയിട്ടുണ്ട്. ‘ഗൾഫുഡ് പ്ലസ്’ എന്ന പേരിലെ ഈ മേഖലയിൽ നവീന കാഴ്ചപ്പാടുകളും ഉൽപന്നങ്ങളുമാണ് പ്രധാനമായും പ്രദർശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയടക്കം 125 രാജ്യങ്ങളുടെ പവിലിയനുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. അർമേനിയ, കംബോഡിയ, ഇറാഖ് എന്നിവ പുതുതായി മേളയിൽ പങ്കെടുക്കുന്ന രാജ്യങ്ങളാണ്. ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഒരിടവേളക്കുശേഷം വീണ്ടും എത്തിച്ചേർന്നവയുമാണ്.
ഉദ്ഘാടന ദിവസം നടന്ന ഇൻസ്പെയൻ കോൺഫറൻസിലും നിരവധി പ്രതിനിധികളാണ് പങ്കെടുത്തത്. യു.എ.ഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി മർയം അൽ മുഹൈരി മുഖ്യാതിഥിയായിരുന്നു. കൂടുതൽ സുസ്ഥിരമായ ഭക്ഷ്യോൽപദന രംഗത്തേക്ക് ചുവടുവെക്കാനും വളരാനുമുള്ള സാഹചര്യമാണ് ഗൾഫുഡ് ഒരുക്കുന്നതെന്ന് അൽ മുഹൈരി പറഞ്ഞു. ലോകമെമ്പാടുമുള്ള ഉൽപാദകൾക്ക് ഉൽപന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും ഭൂഖണ്ഡാന്തര ബിസിനസ് ഇടപാടുകൾ സുഗമമാക്കാനും ഗൾഫുഡ് ഭക്ഷ്യ വ്യവസായത്തിലെ കമ്പനികൾക്ക് വേദി സൃഷ്ടിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്തെ വിവിധ സംഭവവികാസങ്ങൾ പല രാജ്യങ്ങളിലും പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഭക്ഷ്യമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം മുന്നോട്ടുവെക്കുന്നതാവും മേളയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യു.എൻ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയായ ‘കോപ്-28’ന് ദുബൈ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ ഉൽപാദനത്തിലേക്കും ഉപഭോഗത്തിലേക്കും മാറുന്നതിനുള്ള കാഴ്ചപ്പാടുകളും അവതരിപ്പിക്കപ്പെടും. പ്രദർശനവും വിൽപനയും നിക്ഷേപസാധ്യതകളും തുറന്നിടുന്ന മേളയിൽ സുസ്ഥിരത ലക്ഷ്യമാക്കി നിരവധി ചർച്ചകളും പദ്ധതികളും ഇത്തവണ നടക്കുന്നുണ്ട്. ‘ദുബൈ വേൾഡ് ക്യുസിൻ’ എന്ന പേരിൽ ലോകത്തെ തനതായ ഭക്ഷണ സംസ്കാരത്തെ പരിചയപ്പെടുത്തുന്ന പുതിയ പരിപാടിയും മേളയോടനുബന്ധിച്ച് നടക്കും. സിംഗപ്പൂരാണ് ഇത്തവണ ഈ പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വെള്ളിയാഴ്ചയാണ് മേള സമാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.