കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ അനുപാതം വർധിപ്പിക്കുന്നത് മാൻപവർ പബ്ലിക് അതോറിറ്റി നീട്ടിവെച്ചു. സിവിൽ സർവീസ് കമീഷനുമായി കൂടിയാലോചിച്ചാണ് അതോറിറ്റി ഇതുസംബന്ധിച്ച് തീരുമാനമെടുത്ത്.
സ്വകാര്യ മേഖലയിൽ പൊതുവായി തോത് നിശ്ചയിക്കുന്നതിന് പകരം സ്വദേശി തൊഴിലാളികളുടെ ലഭ്യത അനുസരിച്ച് ഓരോ സെക്ടറിലും പ്രത്യേകം അനുപാതം നിശ്ചയിക്കാനാണ് നീക്കം. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് എല്ലാവർക്കും സർക്കാർ ജോലി നൽകുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് പരമാവധി പ്രോത്സാഹനം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.
അതേസമയം, സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്. ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും തയാറായില്ല.
ജോലിക്ക് കയറിയവർ തന്നെ രാജിവെക്കുന്ന പ്രവണതയാണ് മാൻപവർ അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തൽക്കാലം സ്വദേശി അനുപാതം വർധിപ്പിക്കേണ്ടെന്ന തീരുമാനത്തിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.