അബൂദബി: തക്കസമയത്ത് റിപ്പോർട്ട് ചെയ്തതിനാൽ ബാങ്ക് അക്കൗണ്ടിൽനിന്ന് നഷ്ടമായ പണം തിരികെ ലഭിച്ചു. അബൂദബിയിൽ താമസിക്കുന്ന അറബ് വനിതയാണ്, ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതിനെക്കുറിച്ചും പൊലീസ് തിരികെ കണ്ടെത്തി നൽകിയതുമായ അനുഭവം പങ്കുവെച്ചത്. ഓൺലൈൻ ഷോപ്പിങ് നടത്തി 12 മണിക്കൂറിനുശേഷമാണ് ഓരോ മിനിറ്റ് കൂടുമ്പോഴും തന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്യം ശ്രദ്ധിച്ചതെന്ന് യുവതി പറയുന്നു. ഉടൻ ബാങ്ക് അധികൃതരെ ബന്ധപ്പെടുകയും പണമെത്തുന്ന അക്കൗണ്ട് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്ത് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടൻ, തട്ടിപ്പ് നടത്തിയ അക്കൗണ്ട് വിശദാംശങ്ങൾ കണ്ടെത്തുകയും നഷ്ടപ്പെട്ട പണം ചെറിയ തുകകളായി അക്കൗണ്ടിലേക്ക് തിരികെ എത്തിക്കുകയുമായിരുന്നുവെന്നും യുവതി പറയുന്നു. അബൂദബി പൊലീസിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിലാണ് തട്ടിപ്പിനിരയായ യുവതി അനുഭവം പങ്കുവെച്ചത്.
അബൂദബി പൊലീസ് കഴിഞ്ഞമാസം ഓൺലൈൻ കുറ്റകൃത്യ ബോധവത്കരണ കാമ്പയിൻ തുടങ്ങിയിരുന്നു. തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഉടൻ ബാങ്ക് അധികൃതർക്കും പൊലീസിനും വിവരം നൽകിയാൽ തട്ടിപ്പുകാരെ വൈകാതെതന്നെ കണ്ടെത്താൻ സഹായകമാവുമെന്ന് കാമ്പയിൻ പറയുന്നു. ഇ-മെയിൽ മുഖേന നടന്ന തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട മറ്റൊരാൾക്ക് കഴിഞ്ഞമാസം പൊലീസ് 140000 ദിർഹം തിരികെ പിടിച്ചുകൊടുത്തിരുന്നു. ഉടൻ പൊലീസിനെയും ബാങ്കിനെയും ബന്ധപ്പെട്ടതാണ് പണം കണ്ടെത്താൻ സഹായകമായതെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. ഏഴുമാസത്തിനിടെ ഫോൺ, ഓൺലൈൻ തട്ടിപ്പിനിരയായ 1740 പേരുടെ 21 ദശലക്ഷം ദിർഹം കണ്ടെത്തി തിരികെ നൽകാൻ കഴിഞ്ഞുവെന്ന് പൊലീസ് നേരത്തേ അറിയിച്ചിരുന്നു. ലഭിച്ച പരാതികളിൽ 90 ശതമാനവും തീർപ്പാക്കിയെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.