ദുബൈ പൊലീസ് പിടികൂടിയ ഭിക്ഷാടകർ
ദുബൈ: റമദാനിൽ വിശ്വാസികളുടെ അനുകമ്പ ചൂഷണം ചെയ്ത് എമിറേറ്റിലുടനീളം നടക്കുന്ന ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് ദുബൈ പൊലീസ്. റമദാനിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ദുബൈ പൊലീസിന്റെ പിടിയിലായത് 127 ഭിക്ഷാടകർ. ഇവരിൽനിന്ന് 50,000ത്തിലധികം ദിർഹമും പിടിച്ചെടുത്തു. ‘ഭിക്ഷാടനത്തിനെതിരായ പോരാട്ടം’ എന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭിക്ഷാടകർ പിടിയിലായത്.
ഭിക്ഷാടന കുറ്റകൃത്യങ്ങളെ തടഞ്ഞ് രാജ്യത്തിന്റെ പരിഷ്കൃത മുഖം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കൊണ്ടുവരികയെന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഇത്തരം കാമ്പയിനുകളിലൂടെ ഓരോ വർഷവും എമിറേറ്റിലെത്തുന്ന ഭിക്ഷാടകരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ പറ്റിയതായി സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അഹമ്മദ് അൽ അദീദി പറഞ്ഞു. ഭിക്ഷാടനം തടയാൻ എല്ലാ വർഷവും ദുബൈ പൊലീസ് വിവിധ വകുപ്പുകളുമായി ചേർന്ന് സമഗ്ര സുരക്ഷ പദ്ധതികൾ വികസിപ്പിക്കാറുണ്ട്.
പോക്കറ്റടി, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ഭിക്ഷാടകർ ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് ഗുരുതരമായ പ്രശ്നം. കൂടാതെ അന്യായമായ സാമ്പത്തിക നേട്ടത്തിനായി കുട്ടികൾ, അസുഖബാധിതർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ എന്നിവരെ ഭിക്ഷാടന മാഫിയകൾ ചൂഷണം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് തടയാൻ വ്യക്തികൾക്ക് ധനസഹായം നൽകുന്നതിന് പകരം ഔദ്യോഗിക സമിതികൾ, സംഘടനകൾ, ജീവകാരുണ്യ അസോസിയേഷനുകൾ എന്നിവരിലൂടെ മാത്രമേ ധനസഹായം കൈമാറാവൂവെന്നും അദ്ദേഹം അഭ്യർഥിച്ചു. ഭിക്ഷാടനം ശ്രദ്ധയിൽപെട്ടാൽ 901 എന്ന നമ്പറിലോ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പിലെ പൊലീസ് ഐ എന്ന സേവനങ്ങളിലോ ഇ ക്രൈം വെബ്സൈറ്റിലോ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.