വിസ നിയമലംഘകർക്ക്​ യു.എ.ഇ പ്രഖ്യാപിച്ച ഇളവ് നിയമനടപടികൾ നാളെ മുതൽ ആരംഭിക്കും

ദുബൈ: വിസ നിയമലംഘകർക്ക്​ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഇളവുമായ ബന്ധപ്പെട്ട നിയമനടപടികൾ ഞായറാഴ്ച മുതൽ ആരംഭിക്കും. ഒക്​ടോബർ 31 വരെ രണ്ട്​ മാസത്തേക്കാണ്​ ഇളവ്​. ഏതുതരം വിസയിൽ എത്തിയവർക്കും ഇളവ്​ ഉപയോഗപ്പെടുത്താമെന്നാണ്​​​ ഫെഡറൽ ​അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്​, കസ്റ്റംസ്​ ആൻഡ്​ പോർട്ട്​ സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചിരിക്കുന്നത്​.

ഇളവ്​ ഉപയോഗപ്പെടുത്തി നാട്ടിലേക്ക്​ പോകുന്നവർക്ക്​ പിന്നീട്​ നിയമാനുസൃതമായി തിരിച്ചുവരാൻ തടസ്സമില്ല. വിസിറ്റ്​ വിസയിലും താമസ വിസയിലും രാജ്യത്തെത്തി കാലാവധി കഴിഞ്ഞ ശേഷവും ഇവിടെ തുടരുന്ന എല്ലാവർക്കും ഇളവ്​ ഉപയോഗപ്പെടുത്തി പിഴയില്ലാതെ സ്വരാജ്യത്തേക്ക്​ മടങ്ങാം. ഇളവ്​ ലഭിക്കുന്നവർക്ക്​ കുറഞ്ഞ​ നിരക്കിൽ വിമാന ടിക്കറ്റ്​ ലഭ്യമാക്കാനുള്ള ചർച്ചകൾ വിമാന കമ്പനികളുമായി ഐ.സി.പി അധികൃതർ നടത്തുന്നതായാണ്​ വിവരം. ഇന്ത്യൻ അസോസിയേഷൻ ഷാർജ, കെ.എം.സി.സി പോലുള്ള പ്രവാസി സംഘടനകളും കൂട്ടായ്മകളും ഇളവ്​ ഉപയോഗപ്പെടുത്താനുള്ള ഹെൽപ്ഡെസ്ക്​ ആരംഭിക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. അതേസമയം, ഏതെങ്കിലും കേസുള്ളവർക്ക്​ അത്​ തീർപ്പാക്കിയ ശേഷം മാത്രമേ ഇളവ്​ അനുവദിക്കൂ.

സർക്കാർ തീരുമാനം പതിനായിരക്കണക്കിന്​ പ്രവാസികൾക്ക്​ ആശ്വാസമാകും. വിസ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നിമിത്തം പുതുക്കാനാവാതെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന്​ പ്രവാസികളുണ്ട്​ യു.എ.ഇയിൽ. ഇവർക്ക്​ കേസുകൾ തീർപ്പാക്കി നാടണയാനുള്ള സുവർണാവസരമാണിത്​.

വിസ പുതുക്കി യു.എ.ഇയിൽ തുടരാനുള്ള ഓപ്​ഷനുകൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്​. യു.എ.ഇ പ്രവാസികളിൽ ഏറ്റവും കൂടുതൽ മലയാളികളാ യതിനാൽ വിസ ഇളവുകൾ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക മലയാളികൾക്കായിരിക്കും. കഴിഞ്ഞ തവണത്തെ പോലെ നിയമ നടപടികൾക്കായി പ്രത്യേക ക്യാമ്പുകൾ ഇത്തവണ ഒരുക്കില്ലെന്നാണ്​ ഐ.സി.പി അറിയിച്ചിരിക്കുന്നത്​. അംഗീകൃത ടൈപ്പിങ്​ സെന്‍ററുകളിൽ അപേക്ഷ സമർപ്പിച്ചാൽ മതി. തുടർ നടപടികൾ അതത്​ സമയങ്ങളിൽ അധികൃതർ അറിയിക്കും. സെപ്​റ്റംബർ ഒന്നു മുതൽ എല്ലാ അംഗീകൃത ടൈപ്പിങ്​ സെന്‍ററുകളും രാവിലെ എട്ട്​ മണി മുതൽ രാവിലെ എട്ട്​ മണി വരെ പ്രവർത്തിക്കും.

Tags:    
News Summary - The relaxation announced by the UAE for visa violators legal proceedings will start from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.