വിസ നിയമലംഘകർക്ക് യു.എ.ഇ പ്രഖ്യാപിച്ച ഇളവ് നിയമനടപടികൾ നാളെ മുതൽ ആരംഭിക്കും
text_fieldsദുബൈ: വിസ നിയമലംഘകർക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഇളവുമായ ബന്ധപ്പെട്ട നിയമനടപടികൾ ഞായറാഴ്ച മുതൽ ആരംഭിക്കും. ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ് ഇളവ്. ഏതുതരം വിസയിൽ എത്തിയവർക്കും ഇളവ് ഉപയോഗപ്പെടുത്താമെന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചിരിക്കുന്നത്.
ഇളവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് പിന്നീട് നിയമാനുസൃതമായി തിരിച്ചുവരാൻ തടസ്സമില്ല. വിസിറ്റ് വിസയിലും താമസ വിസയിലും രാജ്യത്തെത്തി കാലാവധി കഴിഞ്ഞ ശേഷവും ഇവിടെ തുടരുന്ന എല്ലാവർക്കും ഇളവ് ഉപയോഗപ്പെടുത്തി പിഴയില്ലാതെ സ്വരാജ്യത്തേക്ക് മടങ്ങാം. ഇളവ് ലഭിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭ്യമാക്കാനുള്ള ചർച്ചകൾ വിമാന കമ്പനികളുമായി ഐ.സി.പി അധികൃതർ നടത്തുന്നതായാണ് വിവരം. ഇന്ത്യൻ അസോസിയേഷൻ ഷാർജ, കെ.എം.സി.സി പോലുള്ള പ്രവാസി സംഘടനകളും കൂട്ടായ്മകളും ഇളവ് ഉപയോഗപ്പെടുത്താനുള്ള ഹെൽപ്ഡെസ്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഏതെങ്കിലും കേസുള്ളവർക്ക് അത് തീർപ്പാക്കിയ ശേഷം മാത്രമേ ഇളവ് അനുവദിക്കൂ.
സർക്കാർ തീരുമാനം പതിനായിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. വിസ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നിമിത്തം പുതുക്കാനാവാതെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് പ്രവാസികളുണ്ട് യു.എ.ഇയിൽ. ഇവർക്ക് കേസുകൾ തീർപ്പാക്കി നാടണയാനുള്ള സുവർണാവസരമാണിത്.
വിസ പുതുക്കി യു.എ.ഇയിൽ തുടരാനുള്ള ഓപ്ഷനുകൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ പ്രവാസികളിൽ ഏറ്റവും കൂടുതൽ മലയാളികളാ യതിനാൽ വിസ ഇളവുകൾ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക മലയാളികൾക്കായിരിക്കും. കഴിഞ്ഞ തവണത്തെ പോലെ നിയമ നടപടികൾക്കായി പ്രത്യേക ക്യാമ്പുകൾ ഇത്തവണ ഒരുക്കില്ലെന്നാണ് ഐ.സി.പി അറിയിച്ചിരിക്കുന്നത്. അംഗീകൃത ടൈപ്പിങ് സെന്‍ററുകളിൽ അപേക്ഷ സമർപ്പിച്ചാൽ മതി. തുടർ നടപടികൾ അതത് സമയങ്ങളിൽ അധികൃതർ അറിയിക്കും. സെപ്റ്റംബർ ഒന്നു മുതൽ എല്ലാ അംഗീകൃത ടൈപ്പിങ് സെന്‍ററുകളും രാവിലെ എട്ട് മണി മുതൽ രാവിലെ എട്ട് മണി വരെ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.