അബൂദബി: വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2020 മാര്‍ച്ചില്‍ അടച്ച അബൂദബി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ തുറന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അഞ്ച് എയര്‍ലൈന്‍ കമ്പനികള്‍ ആഴ്ചയില്‍ 50 വിമാന സര്‍വിസുകളാണ് തുടക്കത്തിൽ നടത്തുന്നത്. 26 മുതല്‍ 21 സര്‍വിസുകള്‍ കൂടി ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അബൂദബി രാജ്യാന്തര വിമാനത്താവളത്തിന്‍റെ ശേഷി വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയാണ് ടെര്‍മിനല്‍ രണ്ട് രണ്ടുവര്‍ഷത്തിനു മുകളിലായി അടച്ചിട്ടത്. അബൂദബി വിമാനത്താവളം വഴി യാത്ര ചെയ്തവരില്‍ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ വര്‍ഷം ഇതുവരെ 5,15,927 ഇന്ത്യക്കാര്‍ യാത്ര ചെയ്തു. പാകിസ്താന്‍ (253,874), യു.കെ (170,620), സൗദി അറേബ്യ (137,582), ഈജിപ്ത് (127,009) എന്നീ രാജ്യക്കാരാണ് പിന്നില്‍.
അബൂദബിയില്‍നിന്ന് ഏറ്റവും കൂടുതല്‍ സര്‍വിസ് നടത്തിയത് ലണ്ടനിലേക്കാണ്. രണ്ടാം സ്ഥാനം ഡല്‍ഹിക്കും മൂന്നാം സ്ഥാനം ഇസ്ലാമാബാദിനും നാലാം സ്ഥാനം കൊച്ചിക്കുമാണ്. ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനിടെ 25.6 ലക്ഷം പേരാണ് അബൂദബി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ (8.07 ലക്ഷം) മൂന്നിരട്ടി കൂടുതലാണിത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്ന ശേഷമാണ് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് പുതിയ റൂട്ടുകളും സര്‍വിസുകളും ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2021നെ അപേക്ഷിച്ച് വിമാന സര്‍വിസുകളുടെ എണ്ണത്തില്‍ 38.8 ശതമാനം വര്‍ധനയുണ്ട്. ഇതേസമയം വിമാന ചരക്കുനീക്കം 15.7 ശതമാനം കുറഞ്ഞ് 144,144 ടണ്‍ ആയി. കഴിഞ്ഞ വര്‍ഷം 1,70,876 ടണ്ണായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.