അജ്മാൻ: ഹോമിയോ ഡോക്ടറും എഴുത്തുകാരിയും നർത്തകിയുമായ ഡോ. പ്രീയൂഷ സജി അവതരിപ്പിച്ച ‘സീത’ നൃത്ത ശിൽപം കാണികൾക്ക് വേറിട്ട അനുഭവമായി മാറി. അജ്മാൻ കൾചറൽ സെന്ററിൽ ജൂൺ 15ന് വൈകീട്ട് 6.30ന് ആയിരുന്നു നൃത്തശിൽപം അരങ്ങേറിയത്.
രാമായണത്തിലെ സീത എന്ന ഇതിഹാസ കഥാപാത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ജീവിതമാണ് ‘സീത’ എന്ന നൃത്താവിഷ്കാരത്തിലൂടെ അവതരിപ്പിച്ചത്. പരമ്പരാഗത ശൈലിയിൽ രണ്ടു മണിക്കൂറിലേറെ ദൈർഘ്യം വരുന്ന ഭരതനാട്യ മാർഗങ്ങൾ തുടർച്ചയായി അവതരിപ്പിച്ചുവരുന്ന പ്രീയൂഷയുടെ ആദ്യത്തെ സ്വന്തം നിർമാണം എന്ന പ്രത്യേകത കൂടി ‘സീത’ക്കുണ്ട്. സീതയുടെ ആശയം, നിർമാണം, അവതരണം എന്നിവയും ഡോക്ടർ പ്രീയൂഷയുടേതാണ്. ഒരു ഭരതനാട്യ മാർഗത്തിന്റെ ശൈലിയിൽ പുഷ്പാഞ്ജലി, വർണം, പദം, തില്ലാന, മംഗളം എന്നീ ഇനങ്ങളിൽ കൂടിയാണ് സീതയുടെ ജീവിതകഥ നർത്തകി വരച്ചുകാട്ടിയത്. നൃത്തത്തിന്റെ വരികൾ കുറിച്ചത് മഞ്ജു വി.നായരാണ്. സംഗീതം ബിജീഷ് കൃഷ്ണ, കോറിയോഗ്രഫി പ്രേം മേനോൻ.
ഒരു വർഷത്തോളം നീണ്ട സാധനയുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് സീതയുടെ വിജയത്തിന് പിന്നിലെന്ന് പ്രീയൂഷ പറഞ്ഞു. രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള നൃത്താവിഷ്കാരം ഏകാംഗ നൃത്ത ശൈലിയിൽ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. 25 വർഷമായി നൃത്തരംഗത്തുള്ള പ്രീയൂഷ ദുബൈയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.