ദുബൈ: ആഗോള ഐക്യത്തിനും സമാധാനത്തിനും വേണ്ടി പരിശ്രമിക്കുമെന്ന പ്രഖ്യാപനവുമായി യു.എൻ രക്ഷാസമിതിയിലെ യു.എ.ഇയുടെ രണ്ടുവർഷ അംഗത്വ കാലാവധിക്ക് തുടക്കമായി. രക്ഷാസമിതി ചേംബറിനുപുറത്ത് ദേശീയ പതാക സ്ഥാപിച്ചതോടെയാണ് അംഗത്വ കാലത്തിന് ആരംഭമായത്.
ആഗോള ഐക്യത്തിനും സമാധാനത്തിനുംവേണ്ടി രാജ്യം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതായി ചടങ്ങിൽ സംസാരിച്ച യു.എന്നിലെ യു.എ.ഇ അംബാസഡർ ലെന നസീബ പറഞ്ഞു. സമിതിയിലെ അംഗത്വം അരനൂറ്റാണ്ടിലെത്തിയ രാജ്യത്തിന് വലിയ അംഗീകാരമാണെന്നും സംഘർഷങ്ങൾ ലഘൂകരിക്കാനും കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങളിൽ ഭാഗമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
യു.എ.ഇക്കുപുറമെ, അൽബേനിയ, ബ്രസീൽ, ഗബോൺ, ഘാന എന്നീ രാജ്യങ്ങളും രണ്ടുവർഷ സമിതി അംഗങ്ങളായി ചേർന്നിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് വിവിധ ലോകരാജ്യങ്ങളുടെ അംഗീകാരത്തോടെ 2022-23 വർഷത്തേക്ക് യു.എ.ഇക്ക് താൽക്കാലിക അംഗത്വം ലഭിച്ചത്. നേരത്തെ 1986-87 ഘട്ടത്തിലാണ് യു.എ.ഇ യു.എന്നിൽ താൽക്കാലിക അംഗത്വം വഹിച്ചത്. ഏഷ്യ-പസഫിക് മേഖലയുടെ പ്രതിനിധി എന്ന നിലയിലാണ് ഇമാറാത്ത് പ്രവർത്തിക്കുക. അഞ്ചു സ്ഥിരാംഗ രാജ്യങ്ങളും 10 താൽക്കാലിക അംഗങ്ങളുമാണ് രക്ഷാസമിതിയിലുള്ളത്. റഷ്യ, ചൈന, യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങൾ.
രക്ഷാസമിതിയുടെ ജനുവരിയിലെ സെഷനുകളിൽ യു.എൻ സമാധാന ദൗത്യങ്ങളിൽ കൂടുതൽ സ്ത്രീകൾ സേവനമനുഷ്ഠിക്കുന്നതിനെക്കുറിച്ചും ലോക യുദ്ധ മേഖലകളിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനെക്കുറിച്ചും സുപ്രധാന ചർച്ചകൾ നടത്തും. ലിബിയ, യമൻ, സിറിയ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ പ്രശ്നങ്ങളും ചർച്ചയിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.