കഴിഞ്ഞ ദിവസം ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ലോകത്തിന് തുറന്നുകൊടുത്ത ക്ലോക് ടവർ സമയം അറിയിക്കുന്ന യന്ത്രം മാത്രമല്ല, ഷാർജയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള 'പവലിയൻ' കൂടിയാണ്. തീരദേശ നഗരമായ കൽബയിലാണ് ക്ലോക്ക് ടവർ സ്ഥാപിച്ചിരിക്കുന്നത്. കാണികൾക്ക് ഷാർജയുടെയും മനോഹാരിത ആസ്വദിക്കാൻ രണ്ട് ബാൽക്കണികൾ ഇതിനുള്ളിലുണ്ട്. അഞ്ചാം നിലയിലാണ് ആദ്യത്തെ ബാൽക്കണി. 46 മീറ്റർ ഉയരത്തിൽ രണ്ടാം ബാൽക്കണിയും സ്ഥിതിചെയ്യുന്നു. നഗരത്തിന് പുറമെ കൽബ തടാകം, യൂനിവേഴ്സിറ്റി എന്നിവയും ഇവിടെ നിന്ന് കാണാം. ഭക്ഷണ പ്രേമികൾക്ക് റസ്റ്റാറന്റുമുണ്ട്.
കൽബ വാണിജ്യ കേന്ദ്രം, ഖുറം റിസർവ്, ചുറ്റുമുള്ള മലനിരകൾ എന്നിവയും ഇവിടെ നിന്ന് കാണാൻ സാധിക്കും. 60 മീറ്ററാണ് ക്ലോക്ക് ടവറിന്റെ ഉയരം. 668 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഏഴ് നിലകളുള്ള ടവറിന്റെ മുകളിലാണ് ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് മീറ്റർ വ്യാസമുള്ള കൂറ്റൻ ക്ലോക്ക് നഗരത്തിന്റെ ഏത് ഭാഗത്തുനിന്ന് നോക്കിയാലും കാണാം. നാല് ഭാഗത്തും ക്ലോക്ക് സ്ഥാപിച്ചിട്ടുണ്ട്. ഗിൽഡഡ് മൊസൈക്ക് കൊണ്ട് പൊതിഞ്ഞ വിശാലമായ താഴികക്കുടവും ഇതിന് മുകളിലുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ കോർണിഷ് സ്ട്രീറ്റിനോട് ചേർന്ന് സൗകര്യം ഒരുക്കിയിരിക്കുന്നു. 2100 ചതുരശ്ര മീറ്ററിൽ പച്ചപ്പും വിരിച്ചിട്ടുണ്ട്. ഷാർജയുടെ ചരിത്രം വിവരിക്കുന്ന പ്രദർശനങ്ങളും ഉള്ളിലുണ്ട്.
പാർക്കിങിൽ നിന്ന് 65.7 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെ ക്ലോക്ക് ടവറിലേക്ക് എത്താം. ഇതിൽ കൽബയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാതനവും ആധുനികവുമായ മുദ്രകളുടെ ചുവർച്ചിത്രങ്ങൾ പതിച്ചിരിക്കുന്നു. ക്ലോക്ക് ടവറിന് ചുറ്റും മണിക്കൂറുകളുടെ എണ്ണത്തെ പ്രതിനിധീകരിക്കുന്ന 12 പ്രധാന ജലധാരകളും മിനിറ്റുകളെ പ്രതിനിധീകരിക്കുന്ന 60 ഉപ ജലധാരകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.