അൽഐൻ: ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകൾ കഴിഞ്ഞതോടെ വസന്തകാല അവധിക്ക് തുടക്കം. വിദ്യാലയങ്ങളുടെ അധ്യയന വർഷം പൂർത്തിയായതോടെയാണ് അവധിയിലേക്ക് പ്രവേശിച്ചത്. അതേസമയം, യു.എ.ഇയിലെ സർക്കാർ സ്കൂളുകളുടെയും ഏഷ്യൻ ഇതര പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാലയങ്ങളുടെയും രണ്ടാംപാദമാണ് ഇപ്പോൾ അവസാനിച്ചത്. മൂന്നാഴ്ചത്തെ അവധിക്കുശേഷം ഏപ്രിൽ രണ്ടാം വാരം സ്കൂളുകൾ തുറക്കും.
അധ്യാപകർക്കും ജീവനക്കാർക്കും ഒരാഴ്ചത്തെ അവധിയാണ് ലഭിക്കുക. വിദ്യാർഥികളുടെ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണയവും ഫലപ്രഖ്യാപനവും ഈ കാലയളവിൽ നടക്കും. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും അധ്യാപക പരിശീലന പരിപാടികളും ഈ കാലയളവിലുണ്ടാകും.
കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവ് സംഭവിക്കുകയും യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തതോടെ വിദ്യാലയങ്ങളും ഏറക്കുറെ സാധാരണനിലയിലേക്ക് മടങ്ങിയിരുന്നു. അബൂദബി എമിറേറ്റിൽ വിദൂര പഠനം തിരഞ്ഞെടുക്കാനുള്ള അവസരം രക്ഷിതാക്കൾക്ക് ഉണ്ടായിരുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കാറുള്ള സി.ബി.എസ്.ഇ ,10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഏപ്രിൽ 26നാണ് ആരംഭിക്കുന്നത്. അതിനാൽ, ഈ ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഈ അവധിക്കാലത്തും നടക്കുന്നുണ്ട്. ഈ വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ നടക്കുന്നതും ഈ സമയത്താണ്. വിദേശയാത്രക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യു.എ.ഇ കാര്യമായ ഇളവുകൾ പ്രഖ്യാപിക്കുകയും താരതമ്യേന കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭ്യമാവുകയും ചെയ്യുന്നതിനാൽ ഈ അവധിക്ക് നാട്ടിൽ പോകുന്ന കുടുംബങ്ങൾ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.