അബൂദബി: ജുബൈൽ ദ്വീപിൽ മൂന്നര ലക്ഷം കണ്ടൽവൃക്ഷത്തൈകൾ നട്ടതായി അധികൃതർ. ജുബൈൽ ദ്വീപിൽ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് നടപടി. 19 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ജുബൈൽ കണ്ടൽവൃക്ഷ പാർക്കിൽ 10 ലക്ഷം മരങ്ങൾ ആകുന്നതോടെ പ്രതിവർഷം 1150 ടൺ കാർബൺഡയോക്സൈഡ് മരങ്ങൾ ആഗിരണം ചെയ്യുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. 2030ഓടെ 100 ദശലക്ഷം കണ്ടൽമരങ്ങൾ വെച്ചുപിടിപ്പിക്കുകയെന്ന യു.എ.ഇയുടെ പദ്ധതിയുടെ ഭാഗമായാണ് ജുബൈൽ ദ്വീപിലെ മരംനടൽ നടപ്പാക്കിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം നവംബറിൽ യു.എന്നിന്‍റെ ആഭിമുഖ്യത്തിൽ നടന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിലാണ് യു.എ.ഇ ഇത്തരമൊരു പ്രതിജ്ഞയെടുത്തത്.
2800 ഹെക്ടറിലാണ് ജുബൈൽ ദ്വീപ് സ്ഥിതിചെയ്യുന്നത്. കണ്ടൽകാട് വളർത്തുന്നത് ദ്വീപിലെ പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്യും. കഴിഞ്ഞ ദിവസം യു.എ.ഇ സന്ദർശിച്ച വില്യം രാജകുമാരൻ ജുബൈൽ ദ്വീപിൽ എത്തുകയും ഇവിടം കണ്ടൽകാട് സംരക്ഷണത്തെക്കുറിച്ച ആഗോള ഗവേഷണ കേന്ദ്രമായി മാറുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. കണ്ടൽകാടുകളെ മാറ്റുന്നതിനായി അബൂദബി പരിസ്ഥിതി ഏജൻസി ലണ്ടനിലെ സുവോളജിക്കൽ സൊസൈറ്റിയുമായി സഹകരിച്ചാണ് അബൂദബി കണ്ടൽക്കാട് പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നത്. ഇതിനു പുറമേ, ദ്വീപിൽ ഭവനപദ്ധതിയും അധികൃതർ നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടം പൂർത്തിയാക്കിയ വീടുകൾ ഇതിനകം വിറ്റുപോവുകയും ചെയ്തു. 2023ഓടെ 300 വില്ലകൾ നിർമിക്കാനാണ് അധികൃതരുടെ പദ്ധതി. നാദ് അൽ ദാബി ഗ്രാമത്തിൽ മാത്രമായി 128 വില്ലകളാണ് ഒരുങ്ങുന്നതെന്ന് ജുബൈൽ ദ്വീപ് നിക്ഷേപ കമ്പനി കോർപറേറ്റ് ഡയറക്ടർ അബ്ദുല്ല അൽ ഷംസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.