ദുബൈ: യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്ന ഗസ്സൻ ജനതക്ക് ദാഹമകറ്റാൻ ശുദ്ധജല പ്ലാൻറുകൾ തുറന്ന് യു.എ.ഇ. കടൽവെള്ളം ശുദ്ധീകരിക്കുന്ന മൂന്ന് പ്ലാൻറുകളാണ് റഫ അതിർത്തിയുടെ ഈജിപ്ത് ഭാഗത്ത് നിർമിച്ചിട്ടുള്ളത്.
സംവിധാനങ്ങളുടെ ഉദ്ഘാടനം യു.എ.ഇ രാഷ്ട്രീയകാര്യ അസി. മന്ത്രിയും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ ലന നുസൈബ നിർവഹിച്ചു. യു.എൻ രക്ഷാസമിതിയിലെ നിരവധി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പദ്ധതി ഗസ്സൻ ജനതക്ക് സമർപ്പിച്ചത്. യു.എ.ഇയുടെയും ഈജിപ്തിന്റെയും സഹകരണത്തിലാണ് യു.എൻ പ്രതിനിധികൾ റഫ അതിർത്തിയിലെത്തിയത്.
ദുരിതത്തിലായ ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടി യു.എ.ഇ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ശുദ്ധീകരണ പ്ലാന്റുകൾ നിർമിച്ചത്. ശുദ്ധമായ കുടിവെള്ളത്തിന്റെ കുറവ് പ്രദേശം നിലവിൽ അനുഭവിക്കുന്നുണ്ട്. മൂന്ന് പുതിയ ഡീസലൈനേഷൻ പ്ലാന്റുകളിൽനിന്നായി മൂന്ന് ലക്ഷം പേർക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
ഓരോ ദിവസവും ഏകദേശം 6,00,000 ഗാലൻ കടൽജലം സംസ്കരിച്ച് ഗസ്സയിലെ പൈപ്പ് ശൃംഖലയിലൂടെ അയക്കും.
ഇത് താമസക്കാർക്ക് സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും.യു.എ.ഇ നടപ്പാക്കുന്ന ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് റഫയില്‍ മൂന്ന് പ്ലാന്റുകള്‍ നിർമിക്കാൻ പദ്ധതിയിട്ടത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല് നഹ്യാന്റെ നിര്‍ദേശമനുസരിച്ച് ഫലസ്തീൻ ജനതയെ സഹായിക്കുന്നതിന് നവംബർ അഞ്ചിനാണ് ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷൻ പ്രഖ്യാപിച്ചത്.
ഫലസ്തീനിലെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും നല്കുന്ന യു.എ.ഇയുടെ ചരിത്രപരമായ നിലപാടിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു. എമിറേറ്റ്സ് റെഡ് ക്രസൻറാണ് ഗസ്സയിലെ യു.എ.ഇയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.