ദുബൈ: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് യു.എ.ഇയിലേക്ക് വിമാന നിരക്ക് കുതിച്ചുയരുന്നു. ഗോ ഫസ്റ്റ് മുഴുവൻ സർവിസുകളും താൽക്കാലികമായി നിർത്തിയതും എയർ ഇന്ത്യ കോഴിക്കോട്ടേക്കുള്ള സർവിസുകൾ മാർച്ച് അവസാനം മുതൽ പൂർണമായും നിർത്തിയതും വിമാന നിരക്ക് പെട്ടെന്ന് കുതിച്ചുവരാൻ കാരണമായിട്ടുണ്ട്. പെരുന്നാൾ സീസൺ കഴിഞ്ഞിട്ടും ടിക്കറ്റ് കുറയാത്തതിനാൽ അവധിക്കുപോയി തിരികെ വരുന്ന പ്രവാസികൾ വലയുകയാണ്.
കണ്ണൂരിൽനിന്ന് ദുബൈയിലേക്കും ഷാർജയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. അടുത്ത ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസിന് ബുക്കിങ് കാണിക്കുന്നത് 1500 ദിർഹമിനും മുകളിലാണ്. ഞായറാഴ്ച കോഴിക്കോട് അൽഐൻ വിമാനത്തിൽ ടിക്കറ്റ് എടുത്ത് എത്തിയവരിൽ പലരും 1600 ദിർഹമിനാണ് ടിക്കറ്റ് എടുത്തത്.
യു.എ.ഇയിൽ നിന്നും കേരളത്തിലേക്ക് സർവിസുകൾ കുറയുന്നത് തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരാൻ കാരണമാകുന്നുണ്ട്. വിദ്യാലയങ്ങളിൽ അവധിക്കാലങ്ങളിലും ആഘോഷ സീസണിലും യു.എ.ഇയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ വർധിക്കാറുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ സീസണിൽ യു.എ.ഇയിൽ നിന്നും കേരളത്തിലേക്ക് വിമാന നിരക്ക് താരതമ്യേന കുറവായിരുന്നു. പകരം ഇപ്പോൾ കേരളത്തിൽനിന്നും തിരിച്ചുള്ള വിമാന നിരക്കാണ് ഗണ്യമായി വർധിപ്പിക്കുന്നത്.
കണ്ണൂരിൽനിന്നും യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സർവിസുകൾ ഗോ ഫസ്റ്റ് താൽക്കാലികമായി നിർത്തിയതിനാൽ ആ വിമാനത്തിൽ ടിക്കറ്റ് എടുത്ത പലരും കോഴിക്കോട് നിന്നുള്ള സർവിസുകളെയാണ് ആശ്രയിക്കുന്നത്. ആയതിനാൽ കോഴിക്കോടുനിന്നുള്ള ടിക്കറ്റ് നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായി വർധിച്ചതായി കോഴിക്കോട്ടെ എയർ ഗൈഡ് ട്രാവൽ ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച കോഴിക്കോട്- ദുബൈ റൂട്ടിൽ ഏറ്റവും കുറഞ്ഞ നിരക്ക് 1600 ദിർഹമാണ്. കൊച്ചിയിൽ നിന്നും സമാനമാണ് അവസ്ഥ. തിരുവനന്തപുരം -ദുബൈ റൂട്ടിൽ അത് 1200 ദിർഹമാണ്. തുടർന്നുള്ള ദിവസങ്ങളിലും 1000 ദിർഹമിൽ കുറഞ്ഞ ടിക്കറ്റുകൾ കിട്ടാനില്ല.
അബൂദബിയിൽ നിന്നുള്ള എയർ അറേബ്യ സർവിസുകൾ അടുത്തകാലത്ത് വർധിപ്പിച്ചതാണ് ഏക ആശ്വാസം. ദിവസവും ഉച്ചക്ക് 2.25ന് അബൂദബിയിൽ നിന്ന് പുറപ്പെടുന്ന സർവിസിന് പുറമെ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാത്രി 11.20 ന് പുറപ്പെടുന്ന സർവിസും ഇപ്പോഴുണ്ട്.
ജൂൺ അവസാനവാരം ബലിപെരുന്നാൾ അവധിയും വിദ്യാലയങ്ങളിലെ വേനൽ അവധിയും ഒരുമിച്ചു വരുന്നതിനാൽ ഇപ്പോൾ തന്നെ വിമാന കമ്പനികൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. യു.എ.ഇയിൽ നിന്നും കേരളത്തിലേക്ക് 1300 ദിർഹമാണ് ആ സമയങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക്. തിരക്കുള്ള സമയങ്ങളിൽ വിമാന നിരക്കിൽ കുറവ് വരണമെങ്കിൽ സർവിസുകളുടെ എണ്ണം വർധിപ്പിക്കണം. ഫ്ലൈ ദുബൈയും വിസ് എയറുമടക്കം യു.എ.ഇയിലെ വിവിധ വിമാന കമ്പനികൾ അധിക സർവിസുകൾ നടത്താനും പുതിയ സർവിസുകൾ തുടങ്ങാനും സന്നദ്ധമായിരിക്കെ ഇത്തരം കമ്പനികൾക്ക് അനുമതി നൽകുകയാണ് ഇന്ത്യൻ സർക്കാർ ചെയ്യേണ്ടത്. എന്നാലേ പ്രവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരം ആവുകയുള്ളൂ. ഇന്ത്യ - യു.എ.ഇ സെക്ടറിൽ അധിക സീറ്റുകൾക്ക് വേണ്ടിയുള്ള യു.എ.ഇയുടെ ആവശ്യം, ഇന്ത്യൻ വിമാന കമ്പനികളുടെ എതിർപ്പ് കാരണം ഇന്ത്യൻ വ്യോമയാന മന്ത്രാലയം മാർച്ച് അവസാനം നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.