അജ്മാന്: അവധിക്കാലം മുതലെടുത്ത് നടപ്പാക്കുന്ന അന്യായ ടിക്കറ്റ് നിരക്ക് വര്‍ധന വഴിയാധാരമാക്കുന്നത് പാവപ്പെട്ട പ്രവാസികളെ. സ്കൂള്‍ കുട്ടികളുടെ വേനലവധി കണക്കിലെടുത്താണ് പ്രവാസ ലോകത്തെ പലരും നാട്ടിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ വേനലവധിയുണ്ടെങ്കിലും ജീവിത പ്രാരബ്ധം ആലോചിച്ച് രണ്ടു വര്‍ഷത്തിലൊരിക്കല്‍ കമ്പനി ലീവും ടിക്കറ്റും സ്വരുക്കൂട്ടിയാണ് ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് യാത്രക്ക് ഒരുങ്ങുന്നത്. അവധിക്കാലത്ത് പതിവിന് വിപരീതമായി നാലിരട്ടിയോളം വര്‍ധനയാണ് ടിക്കറ്റ് നിരക്കില്‍ മാറ്റം വരാറുള്ളത്.
നിരക്ക് വര്‍ധന മുന്‍കൂട്ടിക്കണ്ട് പലരും ടിക്കറ്റ് എടുത്ത് വെക്കാറുണ്ടെങ്കിലും പകുതിയിലേറെ പേര്‍ക്ക് കഴിയാറില്ല. ഇത്തരക്കാര്‍ക്ക് കുടുംബം ഒന്നിച്ച് നാട്ടിലേക്ക് തിരിക്കുമ്പോള്‍ എല്ലാ നീക്കിയിരിപ്പുകളും വിമാന ടിക്കറ്റിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടിവരുകയാണ്. പ്രവാസികളുടെ അവധി കണക്കിലെടുത്താണ് നാട്ടിലെ കുടുംബങ്ങളിലെ പല ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്. ഇത്തരം ചടങ്ങുകള്‍ക്ക് പങ്കെടുക്കല്‍ നിര്‍ബന്ധമാകുമ്പോള്‍ ആരെങ്കിലും ഒരാള്‍ പോയാല്‍ മതിയെന്ന് തീരുമാനിച്ചാല്‍ ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങള്‍ വേറെയും പ്രവാസികള്‍ കാലങ്ങളോളം അനുഭവിക്കണം.
കാലങ്ങളായി ഉന്നയിക്കുന്ന പ്രവാസികളുടെ പ്രശ്നം നിരവധി അധികാരികളുടെ മുന്നില്‍ എത്തിച്ചെങ്കിലും വോട്ടില്ലാത്ത പ്രവാസികളുടെ വിഷയം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുകയാണ് പതിവ്. പ്രവാസികളുടെ യാത്രാ ദുരിതത്തിന് അറുതിവരുത്താന്‍ കപ്പല്‍ സംവിധാനവും എയര്‍ കേരള വിമാന സർവിസുകളും ഉയര്‍ന്നുവന്നെങ്കിലും എല്ലാം പതിവുപോലെ പ്രവാസികളുടെ സ്വപ്നങ്ങളുടെ ചിറക് അരിയുന്നതാണ് കണ്ടത്. കഴിഞ്ഞ സീസണില്‍ യാത്രാ നിരക്ക് വര്‍ധന സഹിക്കാനാകാതെ നിരവധി മലയാളി കുടുംബങ്ങള്‍ വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളെ ആശ്രയിച്ചാണ് യാത്ര ചെയ്തത്. അവിടെയെത്തിയ ശേഷം ട്രെയിൻ മാര്‍ഗം സ്വദേശത്തേക്ക് യാത്ര ചെയ്തവര്‍ അനവധിയാണ്. ഏതാനും ദിവസങ്ങള്‍ യാത്ര ചെയ്താലും കുട്ടികളടക്കമുള്ള കുടുംബത്തിന് അല്പം മിച്ചം കിട്ടും എന്നതാണ് ഇത്തരം യാത്രകള്‍ക്ക് പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.