അവധിക്കാലവും ലോകകപ്പും; കുത്തിന് പിടിച്ച് വിമാന കമ്പനികൾ

അൽഐൻ: യു.എ.ഇയിൽ ദേശീയ ദിനാഘോഷവും തുടർന്നുവരുന്ന ശൈത്യകാല അവധിയും ഖത്തർ ലോകകപ്പും മുന്നിൽകണ്ട് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനയാത്ര നിരക്ക് രണ്ടും മൂന്നും ഇരട്ടിയായി വർധിപ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനികൾ. നിലവിൽ 300 ദിർഹമുള്ള വിമാന ടിക്കറ്റ് അടുത്ത മാസം 1000വും കടന്ന് കുതിക്കും.

യു.എ.ഇയിൽ വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിക്കുന്നത് ഡിസംബർ 10 മുതലാണ്. 2023 ജനുവരി രണ്ടിന് ശൈത്യകാല അവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിക്കും. യു.എ.ഇയിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ ആദ്യ ദിനങ്ങളിൽ അവധിയായതിനാൽ ഒരാഴ്ച മാത്രമാണ് ഡിസംബറിൽ വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിനം. അതിനാൽ ഡിസംബർ ഒന്നിനുതന്നെ നാട്ടിലേക്ക് യാത്ര ആസൂത്രണം ചെയ്ത കുടുംബങ്ങളുണ്ട്. അതിനാൽതന്നെ ഡിസംബർ ആദ്യത്തിൽ യു.എ.ഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന യാത്ര നിരക്ക് വലിയതോതിൽ വർധിപ്പിച്ചില്ലെങ്കിലും ക്രിസ്മസിനു ശേഷം ജനുവരി ആദ്യത്തിൽ കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാന യാത്രാനിരക്കിലാണ് വൻ വർധന.

ഡിസംബർ രണ്ടാംവാരം 800 ദിർഹം മുതൽ 2200 ദിർഹം വരെയാണ് വിവിധ വിമാനക്കമ്പനികൾ യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് ഈടാക്കുന്നത്. ഇത് കൊച്ചിയിലേക്ക് 1150 ദിർഹം മുതൽ 2200 ദിർഹം വരെ വരും. എന്നാൽ, കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് ഡിസംബർ ഒന്നു മുതൽ 20 വരെ അബൂദബിയിൽനിന്നും കോഴിക്കോട്ടേക്കുള്ള വിമാനയാത്ര നിരക്ക് 511 ദിർഹമായി കുറച്ചിരുന്നു. ഇതേ ടിക്കറ്റ് 900 ദിർഹമിനും 1000 ദിർഹമിനും നേരത്തെ എടുത്തവർ നിരവധിയാണ്.

ജനുവരി ആദ്യവാരം കേരളത്തിലെ വിവിധ എയർപോർട്ടുകളിൽനിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്ക് 1300 ദിർഹം മുതൽ 2300 ദിർഹം വരെയാണ്. കുറഞ്ഞ നിരക്കുള്ള ക്ലാസുകളിലെ ടിക്കറ്റുകൾ വിമാന കമ്പനികൾ അവധിക്കാലത്ത് ഓപണാക്കുന്നേയില്ല എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.

ചില വിമാനക്കമ്പനികളുടെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ചില ഏജൻസികൾ നേരത്തെ മൊത്തത്തിൽ വാങ്ങി വലിയ വിലക്ക് വിൽക്കുന്ന അവസ്ഥയുമുണ്ട്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ 300 ദിർഹമിന് ടിക്കറ്റും 40 കിലോ വരെ ലഗേജും അനുവദിക്കാറുണ്ട് എന്നാണ് എയർലൈൻസ് അധികൃതരുടെ ന്യായീകരണം.

ഖത്തർ ലോകകപ്പാണ് യു.എ.ഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിക്കാൻ മറ്റൊരു കാരണം. ലോകകപ്പിന്‍റെ പ്രവേശന പാസായ ഹയ്യാ കാർഡുള്ളവർക്ക് യു.എ.ഇയിൽ 100 ദിർഹമിന് 90 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസ ലഭിക്കുന്നുണ്ട്. ജനുവരി വരെ ഈ വിസ ലഭ്യമാണ്. ലോകകപ്പ് കാണാൻ ഖത്തറിലേക്ക് യാത്ര ചെയ്യുന്ന നിരവധി പേർ ഈ വിസയിൽ യു.എ.ഇയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് നിരക്കുയർത്തിയിരിക്കുന്നത്.

ഇൻഡിഗോ എയർലൈൻസ് കോഴിക്കോടുനിന്നുള്ള ഷാർജ, അബൂദബി സർവിസുകൾ നിർത്തലാക്കിയതും കോവിഡിനെ തുടർന്ന് ഇത്തിഹാദ് എയർലൈൻസ് നിർത്തിവച്ച സർവിസ് പുനരാരംഭിക്കാത്തതും യാത്രക്കാർക്ക് തിരിച്ചടിയാണ്.

ശൈത്യകാല ഷെഡ്യൂളിൽ ചില വിമാന കമ്പനികൾ അവരുടെ സർവിസുകൾ റീഷെഡ്യൂൾ ചെയ്യുന്നത് യാത്രക്കാരെ വലക്കുന്നുണ്ട്. സ്പൈസ് ജെറ്റിന്‍റെ ദുബൈ-കോഴിക്കോട് സർവിസും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ അബൂദബി-കോഴിക്കോട് സർവിസും ഇങ്ങനെ റീ ഷെഡ്യൂൾ ചെയ്തവയിൽ പെടുന്നു. നേരത്തെ ടിക്കറ്റ് എടുത്ത പലർക്കും മണിക്കൂറുകൾ നേരത്തെ വിമാനം പുറപ്പെടുന്നത് കാരണം യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ഗോ ഫസ്റ്റിന്‍റെ ദുബൈ-കൊച്ചി സർവിസ് പൊടുന്നനെ നിർത്തിയതായി അതിൽ ടിക്കറ്റ് എടുത്ത ചില യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് ടിക്കറ്റിന്‍റെ പൈസ മുഴുവൻ വിമാന കമ്പനികൾ തിരികെ നൽകുന്നുണ്ടെങ്കിലും പുതിയ ടിക്കറ്റ് എടുക്കാൻ ഉയർന്ന ചാർജ് കൊടുക്കേണ്ട അവസ്ഥയാണുള്ളത്.

ശൈത്യകാല അവധിക്കാലത്ത് അധ്യാപകർക്കും ഇതര ജീവനക്കാർക്കും രണ്ടാഴ്ചത്തെ അവധി മാത്രമാണ് ലഭിക്കുക. ഉയർന്ന വിമാന നിരക്ക് കാരണം പലരും യാത്ര വേണ്ടെന്നു വെച്ചിരിക്കുകയാണ്.

സ്കൂൾ അവധിക്കാലത്ത് മാത്രം നാട്ടിൽ പോയിവരാൻ പറ്റുന്നവരും അടിയന്തര ഘട്ടങ്ങളിൽ നാട്ടിൽ പോകേണ്ടവരുമാണ് ഉയർന്ന നിരക്ക് കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.

Tags:    
News Summary - Ticket price increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.