ദുബൈ: വ്രതവിശുദ്ധിയുടെ ദിനരാത്രങ്ങൾ പിന്നിട്ട് ചെറിയ പെരുന്നാൾ പടിവാതിൽക്കലെത്തിയതോടെ നാടെങ്ങും ആഹ്ലാദം. ഇത്തവണ റമദാൻ 30 പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ വന്നെത്തുന്നത്. ഈദുൽ ഫിത്ർ ആഘോഷം സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ അധികൃതർ വിപുലമായ സംവിധാനങ്ങളാണ് രാജ്യമെങ്ങും ഒരുക്കിയിട്ടുള്ളത്. കൂടുതൽ പൊലീസ് സേനകളെ നിയോഗിച്ചും ശുചീകരണത്തിന് കൂടുതൽ സംവിധാനങ്ങളൊരുക്കിയും വിവിധ സർക്കാർ സംവിധാനങ്ങൾ നേരത്തെ തന്നെ സജീവമായിരുന്നു. നഗരങ്ങളിലെല്ലാം പെരുന്നാളിനെ സ്വീകരിച്ച് അലങ്കാര വിളക്കുകൾ നിറഞ്ഞിട്ടുണ്ട്.
പെരുന്നാൾ ദിനത്തിൽ ഈദ് നമസ്കാരം പൂർത്തിയാകുന്നതോടെ പരസ്പരം ആശംസകൾ കൈമാറിയും കുടുംബങ്ങളെ സന്ദർശിച്ചുമാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. ദുബൈയിൽ നാദൽശിബ ഏരിയ ഈദ്ഗാഹ്, ഗ്രാൻഡ് സഅബീൽ മോസ്ക്, ഉമ്മുസുഖൈം ഈദ് ഗാഹ്, അൽ ബർഷ ഈദ് ഗാഹ്, ഹത്ത ഈദ് ഗാഹ്, നദൽ ഹമർ ഈദ് ഗാഹ്, ബറാഹ ഈദ് ഗാഹ് എന്നിവിടങ്ങളിൽ പെരുന്നാൾ ദിനത്തിലെ പീരങ്കി മുഴക്കവും ഒരുക്കിയിട്ടുണ്ട്. രണ്ടു തവണയാണ് ഇവിടങ്ങളിൽ പീരങ്കി ശബ്ദം ഉയരുക.
വൈകുന്നേരത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗഹൃദങ്ങളുടെയും കുടുംബങ്ങളുടെയും ഒത്തുചേരലിന് വേദിയാകും. ദുബൈയിൽ വിവിധ പാർക്കുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുണ്ട്. സഅബീൽ പാർക്ക്, അൽ ഖോർ പാർക്ക്, മംസാർ പാർക്ക്, അൽ സഫ പാർക്ക്, മുഷ്രിഫ് പാർക്ക്, നാഷനൽ പാർക്ക് എന്നിവ രാത്രി 11വരെ പ്രവർത്തിക്കും.
രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങൾക്ക് ഈ മാസം 14വരെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യമേഖലക്ക് ഏപ്രിൽ എട്ടിന് തുടങ്ങിയ അവധി ശവ്വാൽ മൂന്നു വരെ നീണ്ടുനിൽക്കും. രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും കരിമരുന്ന് പ്രകടനവുമൊക്കെ ആഘോഷത്തിന് മാറ്റുകൂട്ടും.
യാസ് ഐലന്‍ഡില്‍ രണ്ടിടങ്ങളിലാണ് കരിമരുന്ന് പ്രകടനമുണ്ടാവുക. യാസ് മറീന, യാസ് ബേ എന്നിവിടങ്ങളിലാണ് യാസ് ഐലന്‍ഡില്‍ കരിമരുന്ന് പ്രകടനം അരങ്ങേറുക. പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസങ്ങളില്‍ രാത്രി ഒമ്പതിനാണ് ഇവിടെ കരിമരുന്ന് പ്രകടനം ഉണ്ടാവുക. ഹുദൈരിയാത്ത് ഐലന്‍ഡിലെ മര്സാനയില് പെരുന്നാള്‍ ദിനം രാത്രി ഒമ്പതിനും കരിമരുന്ന് പ്രകടനം അരങ്ങേറും. ദുബൈയിലും വിവിധ സ്ഥലങ്ങളിൽ വിപുലമായ പരിപാടികൾ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.