ദുബൈ: മഴയിൽ നനയാൻ വീണ്ടും അവസരം. കോരിച്ചൊരിഞ്ഞ മഴ ലഭിച്ച് ദിവസങ്ങൾ മാത്രം പിന്നിടുന്നതിനിടെ വീണ്ടും രാജ്യത്ത് മഴയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് രാജ്യത്ത് മഴക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈനിലെ ചില ഭാഗങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിൽ ഇടത്തരം മഴയും ഫുജൈറയിൽ കനത്ത മഴയുമാണ് പ്രവചിക്കപ്പെടുന്നത്. വടക്ക്, കിഴക്ക്, തീരപ്രദേശങ്ങളിലാണ് മഴക്ക് സാധ്യതയുള്ളത്. അതോടൊപ്പം ചെറുതും വലുതുമായ കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തെ മിക്ക ഭാഗങ്ങളിലും തണുത്തതും മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും പ്രക്ഷുബ്ധമായ അന്തരീക്ഷം പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
ഞായറാഴ്ച വൈകീട്ടോടെയാണ് മഴ പെയ്തു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. മലയോര മേഖലകളിൽ താമസിക്കുന്നവർ പുറത്തിറങ്ങുമ്പോൾ വെള്ളപ്പൊക്ക സാധ്യതയുള്ള വാദികളിലും താഴ്വരകളിലും ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നുണ്ട്. മഴ ലഭിക്കുന്നതോടെ താപനിലയിലും കുറവുണ്ടാകും. ശനിയാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങിലും താപനില വർധിച്ചിരുന്നു. മാത്രമല്ല, ദുബൈ അടക്കമുള്ള സ്ഥലങ്ങളിൽ വലിയ രീതിയിൽ മൂടൽ മഞ്ഞും ദൃശ്യമായിരുന്നു. മൂടൽമഞ്ഞും പൊടിക്കാറ്റും അപകടങ്ങൾക്ക് വഴിവെക്കാനുള്ള സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കപ്പെടുന്നുണ്ട്.
മൂന്ന് പതിറ്റാണ്ടുമുമ്പ് യു.എ.ഇയിൽ ലഭിച്ച മഴക്ക് തുല്യമാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ മഴയെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. പെട്ടെന്നുള്ള മഴ കനത്തതോടെ രാജ്യത്ത് പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. ഫെബ്രുവരി 11 മുതൽ 15 വരെ യു.എ.ഇ 27 ക്ലൗഡ് സീഡിങ് ഓപറേഷനുകൾ നടത്തിയതും രാജ്യത്തെ മഴ വർധിക്കാൻ സഹായിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.