മറ്റൊരു അധ്യാപകദിനംകൂടിയെത്തുന്നു. അധ്യാപികയുടെ കസേരയിലേക്ക് എന്നെ കൈപിടിച്ചുയർത്തിയ ഗുരുക്കൻമാരെ ഓർക്കാതെ ഒരു അധ്യാപക ദിനവും പൂർണമാവില്ല. ഒന്നാം ക്ലാസിൽ മഞ്ചേരി ടൗണിലെ സെൻറ് ജമ്മാസ് മിഷൻ സ്കൂളിലേക്ക് അലുമിനിയംപെട്ടി പോലത്തെ സ്കൂൾ ബാഗും നീല നിറത്തിലുള്ള വള്ളിപ്പാവാടയും വെള്ള ഷർട്ടും ഇട്ട് അച്ഛെൻറ ചെറിയ പെങ്ങളുടെ കൈ പിടിച്ച് വേഗത്തിൽ റോഡ് മുറിച്ചുകടക്കുന്നതാണ് എെൻറ കുട്ടിക്കാല ഓർമ. ആ സ്കൂളിലെ മിലൻ എന്ന മെലിഞ്ഞു വെളുത്ത കണക്ക് ടീച്ചറുടെ മുഖം ഇപ്പോഴും ഓർക്കുന്നു. എപ്പോഴും ദേഷ്യം ഉള്ളതുപോലെ ആയിരുന്നു.
മഞ്ചേരി മിലൻ എന്ന പേരിൽ തുണിക്കടയും ഉണ്ടായിരുന്നതിനാലാണ് ആ പേര് ഇപ്പോഴും ഓർമയിലുള്ളത്. രണ്ടും മൂന്നും ക്ലാസുകൾ ആലത്തിയൂർ പൂഴിക്കുന്ന് എൽ.പി സ്കൂളിൽ. തവിട് അധികം കളയാതെ ഇടിച്ച കട്ടമോടൻ അരികൊണ്ട് ഉണ്ടാക്കുന്ന പലഹാരവും കഴിച്ച് തുണിസഞ്ചിയും തൂക്കിയായിരുന്നു സ്കൂളിലേക്കുള്ള യാത്ര. വീട് സ്കൂളിെൻറ അടുത്ത് ആയതിനാൽ ആദ്യം സ്കൂളിൽ എത്തുന്ന വില്ലത്തികൾ ഞങ്ങൾ തന്നെ ആയിരുന്നു. വളരെ വൈകാതെ ഇരട്ട കുട്ടികൾ ആയ ആയിഷയും ആമിനയും എത്തും. ആദ്യത്തെ പിരിയഡ് എന്നും മലയാളമാണ്. മലയാളം പാഠാവലിയിൽ നിന്ന് ടീച്ചർ ഉച്ചത്തിൽ ചൊല്ലും
'പലപല നാളുകൾ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകൾ നീക്കി'........
ഇടവേളയ്ക്ക് ആ കവിത മനസ്സിൽ ഓർത്തുകൊണ്ട് ഞങ്ങൾ ഓരോ ചെടിയുടെയും അടിയിൽ അരുമക്കിങ്ങിണിയുണ്ടോ എന്ന് തേടി നടക്കും. നാലാം ക്ലാസിൽ വീണ്ടും തിരിച്ച് അച്ഛൻ വീടായ മഞ്ചേരി എത്തി. വായപ്പാറപ്പടി സ്കൂളിൽ ചേർന്നു. മലയാള സാഹിത്യത്തിൽ മഹാകാവ്യം എഴുതി ശ്ര േദ്ധയനായ കൈതക്കൽ ജാതവേദൻ നമ്പൂതിരി ആയിരുന്നു മലയാളം അധ്യാപകൻ. ചൂരൽക്കഷായം ഏറെ കിട്ടിയതും അദ്ദേഹത്തിൽനിന്നു തന്നെ. തോമസ് മാഷ്, ത്രേസ്യാമ്മ ടീച്ചർ അങ്ങനെ ഏറെ സ്നേഹവും ഭയവും തോന്നിയിരുന്ന ബന്ധങ്ങൾ.
അഞ്ചുമുതൽ പത്തുവരെ മഞ്ചേരി ഹിദായത്തുൽ മുസ്ലിമിൻ യത്തീംഖാന സ്കൂളിൽ. അതൊരു വല്ലാത്ത കാലമായിരുന്നു. ഒരുപാട് കൂട്ടുകാർ, നല്ല അധ്യാപകർ, ഓടിച്ചാടി കളിച്ചു നടക്കാൻ ഉള്ള സ്വാതന്ത്ര്യം. ഏറ്റവും ഇഷ്ടപ്പെട്ട വിഷയം മലയാളവും ചരിത്രവും ആയിരുന്നു. ആ ക്ലാസനുഭവങ്ങൾ ആണ് ഒരു അധ്യാപികയാവാനുള്ളിൽ മോഹമുദിപ്പിച്ച കാലവും.
ഞങ്ങളുടെ നളിനി ടീച്ചറെ എങ്ങനെ മറക്കാനാകും. കഞ്ഞിപ്പശമുക്കിയ ഇളംനിറത്തിലുളള കോട്ടൺ സാരിയുമുടുത്ത് പുലർക്കാല തെളിമപോലെ നേർമയുളള സുഗന്ധത്തോടെ ക്ലാസിലെത്തും. ചുവന്ന വട്ടപ്പൊട്ടും നേർത്ത ചന്ദനക്കുറിയും തൊട്ട പ്രസന്നവദനയായി. നീളമുള്ള മുടി വെറുതെയൊന്നു ഇഴപിരിച്ചു തുമ്പുകെട്ടി അതിനിടയിൽ ഒരു തുളസിക്കതിരോ ഒരു ചെമ്പകമോ ചേർത്തുവക്കും. ഒരൊറ്റ മുടിയിഴയിൽ വീഴാതെ നിൽക്കുന്ന ചെമ്പകപ്പൂവ് നോക്കി ഞങ്ങൾ അദ്ഭുതത്തോടെ ഇരിക്കും. ടീച്ചറുടെ മനോഹരമായ പതിഞ്ഞ ശബ്ദം. എപ്പോഴും ചിരിച്ച മുഖം. വല്ലാത്ത ആരാധനയായിരുന്നു എനിക്ക്. അടുത്ത് വരുമ്പോൾ ആ സാരിയൊന്ന് തൊടാൻ, ഹാജർ വിളിക്കുമ്പോൾ കൈപൊക്കി മുഖത്ത് നോക്കി ചിരിക്കാൻ. ടീച്ചറുടെ ഓരോ നോട്ടത്തിലുമുണ്ടായിരുന്നു എന്നും സ്കൂളിൽ വരാൻ തോന്നിക്കുന്ന ഊർജം. ഇത്രമേൽ ഇഷ്ടം തോന്നിയ ഒരധ്യാപികയും എനിക്ക് കുഞ്ഞോർമകളിൽ വേറെയില്ല. ഞങ്ങളെ പഠിപ്പിച്ച അധ്യാപകർക്ക് കുട്ടികളോടുണ്ടായിരുന്ന കരുതലും സ്നേഹവും തന്നെയാണ് ഞാനുൾപ്പെടെയുളള ടീച്ചറുടെ ശിഷ്യഗണത്തിൽപെട്ട അധ്യാപക സുഹൃത്തുക്കൾക്ക് ജീവിതത്തിൽ മുന്നോട്ടുനീങ്ങാനുള്ള കരുത്തുപകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.