അബൂദബി: ഈ വർഷം ഡിസംബര്‍ 31വരെ വിനോദപരിപാടികളുടെ ടിക്കറ്റുകള്‍ക്ക് ടൂറിസം നികുതി നല്‍കേണ്ടതില്ലെന്ന് അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യംവെച്ചാണ് നടപടി. ടിക്കറ്റ് തുകയുടെ 10 ശതമാനമാണ് ടൂറിസം ഫീസായി ഈടാക്കിയിരുന്നത്. പരിപാടികളുടെ സംഘാടകര്‍ക്കും ടൂറിസം വകുപ്പുമായി സഹകരിക്കുന്നവര്‍ക്കും നല്‍കിവരുന്ന പിന്തുണ തുടരുന്നതിനും ടൂറിസം മേഖലയുടെ വളര്‍ച്ചയുമാണ് ലക്ഷ്യമിടുന്നതെന്ന് വകുപ്പിനു കീഴിലുള്ള ടൂറിസം ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് അല്‍ ഗാസിരി പറഞ്ഞു. പരിപാടിയുടെ സംഘാടകര്‍ അബൂദബി ഇവന്റ്സ് ലൈസന്‍സിങ് സംവിധാനത്തിലൂടെ ഇതിനുള്ള ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പരിപാടിയിലൂടെ സ്വരൂപിച്ച വരുമാനം വ്യക്തമാക്കിയിരിക്കണം. ഇതു തെളിയിക്കുന്ന സാമ്പത്തിക രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്. ഓഡിറ്റര്മാരുമായോ അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് നിയോഗിച്ച വ്യക്തികളുമായി സഹകരിച്ചോ പ്രഖ്യാപിത വരുമാനത്തിന്റെ കൃത്യത ബോധ്യപ്പെടുത്തണം. അബൂദബിയിലെ ഹോട്ടലുകള്‍ക്കുള്ള മുനിസിപ്പാലിറ്റി ഫീസും ഒഴിവാക്കിയിട്ടുണ്ട്.
ഇതിനുപുറമെ ഫാം ഹൗസ് ഉടമകള്‍ക്ക് ലൈസന്‍സ് കരസ്ഥമാക്കി അവധിക്കാല വീടുകളാക്കി പരിവര്‍ത്തിപ്പിക്കുന്ന അവധിക്കാല വീട് നയവും എമിറേറ്റിലുണ്ട്. ഭൂവുടമകള്‍ക്ക് പാര്‍പ്പിട കേന്ദ്ര ഉടമകള്‍ക്കും നിരവധി ഹോളിഡേ ഹോമുകള്‍ക്കായി ലൈസന്‍സ് നേടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.