ദുബൈ: പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന കാലമാണിതെന്നും കൈയടി വാങ്ങാനായി താൻ പ്രതികരിക്കാറില്ലെന്നും നടൻ ടൊവിനോ തോമസ്. താൻ മാത്രം പ്രതികരിച്ചതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും പ്രവൃത്തിയിലാണ് കാര്യമെന്നും ടൊവിനോ കൂട്ടിചേർത്തു. പുതിയ ചിത്രമായ നീലവെളിച്ചത്തിന്റെ പ്രമോഷന്റെ ഭാഗമായ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല വിഷയങ്ങളിലും മുമ്പ് പ്രതികരിച്ചിട്ടുണ്ട്. ഇതിനെതിരെ കനത്ത സൈബർ ആക്രമണമാണുണ്ടായത്. ഈ സമയത്ത് മാധ്യമങ്ങൾപോലും പിന്തുണച്ചിട്ടില്ല. ദിവസവും പ്രതികരിച്ച് കൈയടി വാങ്ങാൻ അറിയാം. പക്ഷേ, അതിൽ കാര്യമില്ല. സംഭവങ്ങൾ കീഴ്മേൽ മറിയുകയും വാദി പ്രതിയാവുകയും ചെയ്യുന്ന കാലത്ത് ഏത് വിഷയത്തിലും ആലോചിച്ചേ അഭിപ്രായം പറയാറുള്ളൂ.
സത്യാനന്തര കാലത്ത് പ്രതികരണത്തെക്കാൾ പ്രവൃത്തിയിലാണ് വിശ്വസിക്കുന്നത്. സിനിമയുടെ എഡിറ്റിങ്ങിൽ നടന്മാർ ഇടപെടുന്നു എന്ന ആരോപണം പൊതുവായി ഉന്നയിക്കുന്നത് ശരിയല്ല. ഇത് എല്ലാവരെയും പ്രതിസ്ഥാനത്ത് നിർത്തും. ആരാണ് എഡിറ്റിങ്ങിൽ ഇടപെടുന്നത് എന്നത് കൃത്യമായി ആരോപണം ഉന്നയിക്കുന്നവർ തന്നെ വെളിപ്പെടുത്തണം.
സിനിമയിലെ ഒരു ഗാങ്ങിലും താനില്ല. ഭാർഗവി നിലയത്തിന്റെ റീമേക്കാണ് നീലവെളിച്ചമെങ്കിലും രണ്ടും രണ്ടു സിനിമയായി കാണണം
ഷൂട്ടിങ് കഴിയുന്നതുവരെ ഭാർഗവി നിലയം കണ്ടിട്ടില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങൾ വായിച്ചു വളർന്ന തനിക്ക് അദ്ദേഹത്തിന്റെ തിരക്കഥയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് അഭിമാനകരമാണെന്നും ടൊവിനോ പറഞ്ഞു. നടന്മാർ സിനിമയുടെ എഡിറ്റിങ്ങിൽ ഇടപെടുന്നത് പുതിയ സംഭവമല്ലെന്ന് സംവിധായകൻ ആഷിഖ് അബു ചൂണ്ടിക്കാട്ടി.
എന്നാൽ, ഇപ്പോഴാണ് അക്കാര്യം പുറത്തുപറയാൻ അണിയറപ്രവർത്തകർ തയാറായത്. ഇക്കാര്യത്തിൽ താൻ ഫെഫ്കയുടെ ഒപ്പമാണ്. ഭാർഗവി നിലയം പുനർനിർമിച്ചതല്ല. തങ്ങളുടേതായ ഭാഷയിൽ സങ്കൽപിച്ചതാണ്. നീലവെളിച്ചം ഒരു മാജിക്കൽ യാത്രയാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്ത തിരക്കഥയാണിത്. ഓരോ വ്യക്തിക്കും അവരുടേതായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ടാകും. റിമ കല്ലിങ്കലിന്റെ അഭിപ്രായമായിരിക്കില്ല ടൊവിനോക്ക്. വ്യക്തികളെ വേർതിരിച്ച് കാണണമെന്നും പറയുന്നതും പ്രതികരിക്കുന്നതും അവരുടെ സ്വഭാവത്തിന് അനുസൃതമായാണെന്നും ടൊവിനോ പറഞ്ഞു.
നടി റിമ കല്ലിങ്കൽ, നടൻ ഷൈൻ ടോം ചാക്കോ, സഹനിർമാതാക്കളായ സാജൻ അലി, അബ്ബാസ് ഒ.പി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.