യാത്രവിലക്കിൽ ഇളവ്​ : നാട്ടിൽ കുടുങ്ങിയവർക്ക്​ ആശ്വാസം

അജ്മാന്‍: ഇന്ത്യയിൽനിന്നുള്ള യാത്രവിലക്കിൽ വ്യാഴാഴ്​ച​ മുതൽ യു.എ.ഇ ഇളവ്​ നൽകിയത്​ ആശ്വാസമാകുന്നത്​ ലക്ഷങ്ങൾക്ക്​. മൂന്ന്​ മാസമായ വിലക്കുമൂലം ആശങ്കയിലായിരുന്നു ഇവർ.

ഏപ്രിൽ 24നാണ്​ 10​ ദിവസത്തെ യാത്രവിലക്ക്​ യു.എ.ഇ കൊണ്ടുവന്നത്​. ഇന്ത്യയിലെ കോവിഡ് രോഗികളുടെ നിരക്ക് വര്‍ധിച്ചതോടെ വിലക്ക്​ നീളുകയായിരുന്നു. നാട്ടിലെത്തി യാത്ര തിരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി യാത്രവിലക്ക് വന്നത്.

അവധിക്കാലമെത്തിയതോടെ നിരവധി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സ്​കൂൾ ജീവനക്കാരും നാട്ടിൽപെട്ടിരുന്നു. വ്യാഴാഴ്​ച മുതൽ യാത്രക്ക്​ അപേക്ഷ നൽകാമെങ്കിലും ഐ.സി.എയുടെ അനുമതി ലഭിച്ചശേഷം എന്ന്​ യാത്രചെയ്യാൻ കഴിയുമെന്ന കാര്യത്തിലും ആശങ്കയുണ്ട്​.

മകളുടെ വിവാഹാവശ്യാര്‍ഥം നാട്ടിലെത്തി ഏപ്രില്‍ അവസാനത്തില്‍ യാത്ര തിരിക്കാനിരിക്കെയാണ് ഷാര്‍ജ സജയില്‍ ജോലിചെയ്യുന്ന തൃശൂര്‍ മന്നലംകുന്ന് സ്വദേശി അബ്​ദുല്‍ ഗഫൂര്‍ യാത്രവിലക്കിനെ തുടര്‍ന്ന് നാട്ടില്‍ അകപ്പെടുന്നത്. അവധി കഴിഞ്ഞ്​ മാസങ്ങള്‍ പിന്നിട്ടിട്ടും തിരിച്ചെത്താത്തതിനാല്‍ ജോലി നഷ്​ടപ്പെടുമെന്ന ഭീഷണിയിലാണ് ഇദ്ദേഹം. രണ്ടു പതിറ്റാണ്ടോളമായി യു.എ.ഇയില്‍ ജോലിചെയ്യുന്ന തനിക്ക് ഈ ജോലി നഷ്​ടപ്പെട്ടാല്‍ മറ്റൊരു ജോലി ലഭിക്കാന്‍ പ്രയാസമാണെന്നാണ് 53കാരനായ ഇദ്ദേഹം പറയുന്നത്.

അജ്മാനില്‍ ക്ലിനിക് നടത്തുന്ന തലശ്ശേരി ചൊക്ലി സ്വദേശിനി ജുബൈരിയും സഹോദരി മെഹര്‍നിസയും ഫെബ്രുവരി 20ന് നാട്ടിലേക്ക് തിരിച്ചതാണ്. സ്ഥാപനത്തി​െൻറ ലൈസന്‍സ് പുതുക്കല്‍ അടക്കമുള്ള ജോലികള്‍ക്ക് തിരിച്ചെത്താനിരിക്കേ യാത്രനിരോധനം കാര്യങ്ങളെ അവതാളത്തിലാക്കി. ജുബൈരിയുടെ വിസ കാലാവധി തീര്‍ന്നു.

സ്ഥാപനത്തി​െൻറ ഔദ്യോഗിക രേഖകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പണികള്‍ ബാക്കിയുണ്ട് എന്ന പ്രതിസന്ധിയും ഇവരെ അലട്ടുന്നു.

അജ്മാനില്‍ ട്രേഡിങ്​ നടത്തുന്ന പാടൂര്‍ സ്വദേശി സലീം കണ്ടംപറമ്പില്‍ ജോലിക്കാരനെ സ്ഥാപനമേല്‍പിച്ച് ചികിത്സക്കായി അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. സ്ഥാപനത്തിലെ നടപടിക്രമങ്ങള്‍ക്കും തുടര്‍കച്ചവടത്തിനും ഇദ്ദേഹം തിരിച്ചെത്തേണ്ടത് അനിവാര്യമാണ്.

ജോലി നഷ്​ടപ്പെട്ടവരും ജോലിയുണ്ടായിട്ടും തിരിച്ചുപോകാന്‍ കഴിയാത്തവരുമായ നിരവധി പ്രവാസികളാണ് നാട്ടില്‍ ദുരിതത്തിലായത്. നാട്ടിലുള്ളവര്‍ക്ക് ആഴ്ചയില്‍ ഏതാനും ദിവസമെങ്കിലും സ്ഥാപനം തുറക്കാനോ ജോലിക്ക് പോകാനോ സാധിക്കും.

എന്നാല്‍, പ്രവാസി കുടുംബങ്ങളെ സംബന്ധിച്ച് വീട്ടിലെ അടുപ്പ് പുകയണമെങ്കില്‍ മറ്റുള്ളവരോട് കൈനീട്ടേണ്ട അവസ്ഥയിലാണ്​. വിലക്ക്​ നീങ്ങുന്നതോടെ തിരിച്ചുപോകാനുള്ള പണത്തിന് എന്ത് ചെയ്യുമെന്ന വേവലാതി വേറെയും. കോവാക്സിന് വിദേശങ്ങളില്‍ അംഗീകാരം ലഭിക്കുന്നില്ലെന്ന പ്രതിസന്ധിയുമുണ്ട്​. പലരും കോവാക്സിന്‍ രണ്ട് ഡോസ് എടുത്തതിന് ശേഷമാണ് ഈ വിവരം അറിയുന്നതുതന്നെ.

ഇവരുടെ യാത്ര അവതാളത്തിലാകും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് പല കോണുകളില്‍നിന്ന്​ ആവശ്യമുയരുന്നുണ്ട്.

Tags:    
News Summary - Travel ban relief: Relief for those stranded at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.