യാത്രവിലക്കിൽ ഇളവ് : നാട്ടിൽ കുടുങ്ങിയവർക്ക് ആശ്വാസം
text_fieldsഅജ്മാന്‍: ഇന്ത്യയിൽനിന്നുള്ള യാത്രവിലക്കിൽ വ്യാഴാഴ്ച മുതൽ യു.എ.ഇ ഇളവ് നൽകിയത് ആശ്വാസമാകുന്നത് ലക്ഷങ്ങൾക്ക്. മൂന്ന് മാസമായ വിലക്കുമൂലം ആശങ്കയിലായിരുന്നു ഇവർ.
ഏപ്രിൽ 24നാണ് 10 ദിവസത്തെ യാത്രവിലക്ക് യു.എ.ഇ കൊണ്ടുവന്നത്. ഇന്ത്യയിലെ കോവിഡ് രോഗികളുടെ നിരക്ക് വര്‍ധിച്ചതോടെ വിലക്ക് നീളുകയായിരുന്നു. നാട്ടിലെത്തി യാത്ര തിരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി യാത്രവിലക്ക് വന്നത്.
അവധിക്കാലമെത്തിയതോടെ നിരവധി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും നാട്ടിൽപെട്ടിരുന്നു. വ്യാഴാഴ്ച മുതൽ യാത്രക്ക് അപേക്ഷ നൽകാമെങ്കിലും ഐ.സി.എയുടെ അനുമതി ലഭിച്ചശേഷം എന്ന് യാത്രചെയ്യാൻ കഴിയുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.
മകളുടെ വിവാഹാവശ്യാര്‍ഥം നാട്ടിലെത്തി ഏപ്രില്‍ അവസാനത്തില്‍ യാത്ര തിരിക്കാനിരിക്കെയാണ് ഷാര്‍ജ സജയില്‍ ജോലിചെയ്യുന്ന തൃശൂര്‍ മന്നലംകുന്ന് സ്വദേശി അബ്ദുല്‍ ഗഫൂര്‍ യാത്രവിലക്കിനെ തുടര്‍ന്ന് നാട്ടില്‍ അകപ്പെടുന്നത്. അവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും തിരിച്ചെത്താത്തതിനാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയിലാണ് ഇദ്ദേഹം. രണ്ടു പതിറ്റാണ്ടോളമായി യു.എ.ഇയില്‍ ജോലിചെയ്യുന്ന തനിക്ക് ഈ ജോലി നഷ്ടപ്പെട്ടാല്‍ മറ്റൊരു ജോലി ലഭിക്കാന്‍ പ്രയാസമാണെന്നാണ് 53കാരനായ ഇദ്ദേഹം പറയുന്നത്.
അജ്മാനില്‍ ക്ലിനിക് നടത്തുന്ന തലശ്ശേരി ചൊക്ലി സ്വദേശിനി ജുബൈരിയും സഹോദരി മെഹര്‍നിസയും ഫെബ്രുവരി 20ന് നാട്ടിലേക്ക് തിരിച്ചതാണ്. സ്ഥാപനത്തിെൻറ ലൈസന്‍സ് പുതുക്കല്‍ അടക്കമുള്ള ജോലികള്‍ക്ക് തിരിച്ചെത്താനിരിക്കേ യാത്രനിരോധനം കാര്യങ്ങളെ അവതാളത്തിലാക്കി. ജുബൈരിയുടെ വിസ കാലാവധി തീര്‍ന്നു.
സ്ഥാപനത്തിെൻറ ഔദ്യോഗിക രേഖകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പണികള്‍ ബാക്കിയുണ്ട് എന്ന പ്രതിസന്ധിയും ഇവരെ അലട്ടുന്നു.
അജ്മാനില്‍ ട്രേഡിങ് നടത്തുന്ന പാടൂര്‍ സ്വദേശി സലീം കണ്ടംപറമ്പില്‍ ജോലിക്കാരനെ സ്ഥാപനമേല്‍പിച്ച് ചികിത്സക്കായി അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. സ്ഥാപനത്തിലെ നടപടിക്രമങ്ങള്‍ക്കും തുടര്‍കച്ചവടത്തിനും ഇദ്ദേഹം തിരിച്ചെത്തേണ്ടത് അനിവാര്യമാണ്.
ജോലി നഷ്ടപ്പെട്ടവരും ജോലിയുണ്ടായിട്ടും തിരിച്ചുപോകാന്‍ കഴിയാത്തവരുമായ നിരവധി പ്രവാസികളാണ് നാട്ടില്‍ ദുരിതത്തിലായത്. നാട്ടിലുള്ളവര്‍ക്ക് ആഴ്ചയില്‍ ഏതാനും ദിവസമെങ്കിലും സ്ഥാപനം തുറക്കാനോ ജോലിക്ക് പോകാനോ സാധിക്കും.
എന്നാല്‍, പ്രവാസി കുടുംബങ്ങളെ സംബന്ധിച്ച് വീട്ടിലെ അടുപ്പ് പുകയണമെങ്കില്‍ മറ്റുള്ളവരോട് കൈനീട്ടേണ്ട അവസ്ഥയിലാണ്. വിലക്ക് നീങ്ങുന്നതോടെ തിരിച്ചുപോകാനുള്ള പണത്തിന് എന്ത് ചെയ്യുമെന്ന വേവലാതി വേറെയും. കോവാക്സിന് വിദേശങ്ങളില്‍ അംഗീകാരം ലഭിക്കുന്നില്ലെന്ന പ്രതിസന്ധിയുമുണ്ട്. പലരും കോവാക്സിന്‍ രണ്ട് ഡോസ് എടുത്തതിന് ശേഷമാണ് ഈ വിവരം അറിയുന്നതുതന്നെ.
ഇവരുടെ യാത്ര അവതാളത്തിലാകും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് പല കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.