ദുബൈ: യാത്രാവിലക്ക് നിലവിലുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങളിൽ സിൽവർ വിസ (അഞ്ചുവർഷ വിസ)ക്കാർക്കും വരാമെന്ന് വ്യോമയാന വകുപ്പ്.
ചാർട്ടർ വിമാനയാത്രക്ക് ഉപാധികൾ കർശനമാക്കി വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഗോൾഡൻ, സിൽവർ വിസക്കാരായ യാത്രക്കാർക്കടക്കം ട്രാക്കിങ് ഉപകരണം നിർബന്ധമാണെന്നാണ് പുതിയ ഉത്തരവിലെ പ്രധാന നിർദേശം. നിലവിൽ ഗോൾഡൻ വിസക്കാർക്കും ബന്ധുക്കൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും മാത്രമാണ് യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്ന് വരാൻ അനുമതിയുണ്ടായിരുന്നത്. പുതിയ സർക്കുലർ അനുസരിച്ച് അഞ്ചുവർഷ വിസക്കാർക്കും വരാൻ കഴിയുമെന്നാണ് വ്യക്തമായിരിക്കുന്നത്.
അന്താരാഷ്ട്ര യാത്രക്കാർക്ക് റിസ്റ്റ്ബാൻഡ് ട്രാക്കിങ് ഉപകരണം കഴിഞ്ഞ സെപ്റ്റംബർ മുതൽ അബൂദബിയിൽ നിർബന്ധമാക്കിയിരുന്നു. റാസൽഖൈമയിലും ഷാർജയിലും ഇറങ്ങുന്ന യാത്രക്കാർക്കും റിസ്റ്റ്ബാൻഡ് നൽകിവന്നിരുന്നു.
ദുബൈയിൽ ഇറങ്ങുന്ന യാത്രക്കാർക്ക് പത്തുദിവസത്തെ നിർബന്ധിത ക്വാറൻറീനും ഒന്നാമത്തെയും നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ പി.സി.ആർ പരിശോധനയും നിലവിലുണ്ട്. എന്നാൽ, ദുബൈയിൽ ട്രാക്കിങ് ഉപകരണം വേണ്ടിയിരുന്നില്ല. പുതിയ ഉത്തരവോടെ ദുബൈയിൽ ഇറങ്ങുന്നവരും ഇത് ധരിക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന വിമാനങ്ങളിലെ ക്രൂ അംഗങ്ങൾക്കും ഈ നിയമം ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.