ദുബൈ: സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങി ഹത്ത പൊലീസ്. പുതിയ സീസൺ തുടങ്ങുമ്പോൾ സുരക്ഷിതമായ ടൂറിസം ഒരുക്കാൻ ആവശ്യമായ തയാറെടുപ്പുകൾ പൂർത്തിയാക്കി. അടുത്ത മാസമാണ് പുതിയ സീസൺ ആരംഭിക്കുന്നത്. മലയിടുക്കുകളിൽ കുടുങ്ങുന്നവരെ രക്ഷിക്കാനും പ്രാഥമിക ചികിത്സ നൽകാനും ആവശ്യമായ സംവിധാനങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. ഇതിനായി ട്രക്കിങ്, ഓഫ് റോഡ് ഡ്രൈവ് ഉൾപ്പെടെയുള്ള വിദഗ്ധ പരിശീലനമാണ് പൊലീസുകാർക്ക് നൽകിയിരിക്കുന്നത്. ഡ്രോണുകളും ട്രക്കിങ് വാഹനങ്ങളുമെല്ലാം സജ്ജമായി. മലയിടുക്കുകളിൽ തിരച്ചിൽ നടത്താൻ ആവശ്യമായ സംവിധാനങ്ങളും ഏർപെടുത്തി. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയുടെ സഹകരണത്തോടെയാണ് ഹത്ത പൊലീസ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അജ്ഞാത അപകടങ്ങളോ ക്രിമിനൽ കേസുകളോ ഹത്ത പൊലീസ് സ്റ്റേഷനിൽ ഉണ്ടായിട്ടില്ലെന്ന് ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുബാറക് അൽ കെത്ബി പറഞ്ഞു. സ്റ്റേഷൻ പരിധിയിലെ സമ്പൂർണ മേഖലയിലും സുരക്ഷ ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വിവരം ലഭിച്ചാൽ ശരാശരി ഒരുമിനിറ്റും ഏഴ് സെക്കൻഡുംകൊണ്ട് പൊലീസ് സ്ഥലത്തെത്തുന്നു.
പ്രത്യേക വിനോദസഞ്ചാര സുരക്ഷ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഹത്ത വാദി, ഹത്ത ഡാം പോലുള്ള സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനമാണ് ഇവരുടെ പ്രധാന ജോലി. മലമുകളിലെ ഏത് അടിയന്തര സാഹചര്യവും അപകടങ്ങളും നേരിടാൻ സജ്ജമാണ് ഈ സംഘം. ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഇവർക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവനവും പൊലീസ് ഉറപ്പുവരുത്തുന്നു. കഴിഞ്ഞ വർഷം വിനോദസഞ്ചാര സുരക്ഷ സംഘം 6272 മണിക്കൂറാണ് വിവിധ ഭാഗങ്ങളിൽ സുരക്ഷയൊരുക്കിയത്. ഹത്തയിൽ ദുബൈ പൊലീസിന്റെ സ്മാർട്ട് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.