അബൂദബിയിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി അൽ മക്ത കനാലിലെ അൽ ക്വാന. യു.എ.ഇയിലെ ഏറ്റവും വലിയ അക്വേറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് അൽ ക്വാനയിലൊരുങ്ങിയത്. രാജ്യത്തിെൻറ 50ാം വാർഷികാത്തോടനുബന്ധിച്ച് ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാവാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ അൽ ക്വാനയിലേക്ക് സഞ്ചാരികളുടെ ഒഴുക്കേറും.
അബൂദബിയിലെ ഏറ്റവും വലിയ സിനിമാ സമുച്ചയം, പശ്ചിമേഷ്യലെ ഏറ്റവും വലിയ അക്വേറിയം, കടലാമകളുടെ പുനരധിവാസ കേന്ദ്രം, വലിയ സാമൂഹിക സാംസ്കാരിക വിനോദ കേന്ദ്രം, 98 മിനി ബോട്ടുകൾക്കുള്ള ബെർത്ത് സൗകര്യമുള്ള മറീന ക്ലബ്, ഇൻഡോർ-ഔട്ട്ഡോർ സ്പോർട്സിനുള്ള എക്സ്ക്ലൂസീവ് സൗകര്യം, മികച്ച കുടുംബ വിനോദകേന്ദ്രം, പ്രത്യേക സൈക്ലിംഗ് ട്രാക്കും ജോഗേഴ്സ് പാതയും, നാല് പാലങ്ങളാൽ ബന്ധിപ്പിച്ച അതിമനോഹരമായ നടപ്പാതകൾ, 3,000 വാഹനങ്ങൾക്കുള്ള പാർക്കിങ് ഏരിയ ഇതൊക്കെയാണ് അൽ ക്വാനയിൽ സഞ്ചാരികൾക്കായി സജ്ജമായിരിക്കുന്നത്. മികച്ച ഡൈനിങ്, ഷോപ്പിങ്, ഗ്രാൻഡിയോസ് സൂപ്പർമാർക്കറ്റ്, താമസ സൗകര്യങ്ങൾ എന്നിവയും അൽ ക്വാനയെ യു.എ.ഇയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമാക്കും.
നാഷണൽ അക്വേറിയം സന്ദർശിച്ചാൽ വെള്ളത്തിനടിയിലെ മനോഹര കാഴ്ചകൾ നേരിൽ അനുഭവിക്കാനാവും. അവിശ്വസനീയമായ അക്വേറിയത്തിെൻറ ഘടന അണ്ടർവാട്ടർ ലോകത്തെ ജീവസുറ്റതാക്കുന്നു. അൽ ക്വാനയിലെ രാജ്യത്തെ ഏറ്റവും നീളമേറിയ അണ്ടർവാട്ടർ ടണലിലൂടെ നടന്ന് ശാന്തവും വെള്ളത്തിലൂടെ ഒഴുകുന്നതുമായ ജലജീവികളുടെ ശാന്തമായ സഞ്ചാരം കൺകുളിർക്കെ ആസ്വദിക്കാം. 2.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അൽക്വാന പദ്ധതിയിലെ വൈവിധ്യമാർന്ന സൗകര്യങ്ങൾ വിനോദ-ടൂറിസം മേഖലകളിൽ സവിശേഷമായ അനുഭവമാണ് സമ്മാനിക്കുക.
അൽ ക്വാനയിലെ ജല സാഹസികത വിനോദ സഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കും. 250 ഇനം മത്സ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ എന്നിവയെക്കുറിച്ച് മനസിലാക്കാൻ സന്ദർശകരെ സഹായിക്കുന്നു. 60ലധികം വിദ്യാഭ്യാസ എക്സിബിഷനുകൾ, അണ്ടർവാട്ടർ ഷോകൾ, തത്സമയ ഫീഡിങ് സെഷനുകൾ, അധിക സേവന സൗകര്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും. നാഷണൽ അക്വേറിയം സന്ദർശിക്കുന്നവർക്ക് ജീവിതകാലം മുഴുവൻ ഓർമയിൽ നിലനിൽക്കുന്ന മാന്ത്രികവും ശാസ്ത്രീയവുമായ ഓർമ്മകൾ സമ്മാനിക്കും. 10 തീം സോണുകളിലായി അബൂദബി നാഷണൽ അക്വേറിയത്തിൽ സമുദ്രജീവികളുടെ 46,000 ഇനങ്ങളുണ്ട്. പസഫിക്, ആർട്ടിക്, മെഡിറ്ററേനിയൻ സമുദ്രങ്ങളിൽ നിന്നുള്ള കടൽ ജീവികളും നാഷണൽ അക്വേറിയത്തിലുണ്ട്. അക്വേറിയ സമുച്ചയത്തിന് 7,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.