ദുബൈ: തിരുവനന്തപുരം വിമാനത്താവളം ആര് ഏറ്റെടുത്താലും വികസനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എം യൂസുഫ് അലി. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തെൻറ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച വിർച്വൽ മീഡിയ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തിെൻറ സ്വത്താണ്. അതിൽ തർക്കമുണ്ടെങ്കിൽ സംസാരിച്ച് തീർപ്പാക്കേണ്ടത് കേരളവും കേന്ദ്രവും തമ്മിലാണ്. ഇതുമായി ബന്ധപ്പെട്ട് തന്നെ കേരള സർക്കാർ ബന്ധപ്പെട്ടിട്ടില്ല. വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതാണ് നല്ലത്. കാരണം, എയർപോർട്ട് അതോറിറ്റിയുടെ എല്ലാ വിമാനത്താവളങ്ങളിലൊന്നും വികസനം എത്തിനോക്കിയിട്ടില്ല. കൊച്ചി, കണ്ണൂർ വിമാനത്താവളത്തിൽ തനിക്ക് മാത്രമല്ല, ആയിരക്കണക്കിനാളുകൾക്ക് ഷെയർ ഉണ്ട്. ഇത് വിവാദമാക്കേണ്ടതില്ല.
തിരുവനന്തപുരത്ത് ലുലു നിർമിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ് മാൾ മാർച്ചിൽ തുറക്കും. കൺവൻഷൻ സെൻററർ അടക്കമുള്ള ഹോട്ടലും പൂർത്തിയായികൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ തിരുവനന്തപുരം വിമാനത്താവള വികസനം എെൻറയും കൂടി ആവശ്യമാണ്. അദാനിയും അംബാനിയുമെല്ലാം ഇന്ത്യയിലെ പ്രമുഖ വ്യവസായികളാണ്. അവരുമായി സൗഹൃദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യങ്ങൾ തമ്മിൽ സ്നേഹബന്ധം വർധിപ്പിക്കുന്നത് ലോക സമാധാനത്തിന് നല്ലതാണെന്ന് യു.എ.ഇ-ഇസ്രയേൽ ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. സോഷ്യൽ മീഡിയ കാര്യമായി നോക്കാറില്ല. സോഷ്യൽ മീഡിയയിൽ നടക്കുന്ന അപവാദ പ്രചരണങ്ങളിൽ സങ്കടമില്ല. യൂസുഫ് അലിയെ പറയുന്നത് കൊണ്ട് ലൈക്കും ഷെയറും അതുവഴി ലാഭവും കിട്ടുന്നുണ്ടെങ്കിൽ സന്തോഷമേയുള്ളു. എല്ലാവരെയും സന്തോഷിപ്പിച്ച് ജീവിക്കാൻ കഴിയില്ല. മഹാമാരിയുടെ ബുദ്ധിമുട്ടുണ്ടെങ്കിലും ഓണം പ്രമാണിച്ച് ജീവനക്കാർക്ക് 29ന് മുൻപ് ശമ്പളം നൽകും. 1000 ടൺ പച്ചക്കറികളും പഴവർഗങ്ങളും ഈ ഓണത്തിന് കേരളത്തിൽ നിന്ന് ഗർഫിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.
കോവിഡ് കാലത്ത് ഏറ്റവുമധികം നിക്ഷേപം നടന്നത് ഇന്ത്യയിലാണ്. ഇന്ത്യ സുരക്ഷിതമാണെന്നതിെൻറ തെളിവാണിത്. ഗൾഫിനെ മാത്രം പ്രതീക്ഷിക്കാതെ കേരളം സ്വയം പര്യാപ്തമാകണം. അതിനാൽ കൂടുതൽ നിക്ഷേപം ഇവിെട വരണം. സ്വന്തം സംസ്ഥാനം എന്ന നിലയിൽ കേരളത്തിനാണ് തെൻറ മുഖ്യപ്രാധാന്യം. ഏറ്റവും കുടുതൽ നിക്ഷേപം ആഗ്രഹിക്കുന്നതും അവിടെയാണ്. മഹാമാരിയായതിനാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് ഒതുങ്ങുന്നത് ശരിയല്ല. മുന്നോട്ടു തന്നെ പോകണം. യു.എ.ഇ കോൺസുലേറ്റ്, റെഡ്ക്രസൻറ് വിഷയങ്ങളിൽ കേസ് നടക്കുന്നതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് മീഡിയ ആൻഡ് മാർക്കറ്റിങ് ഡയറക്ടർ വി. നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.