ദുബൈ: വിദേശത്തുനിന്ന് യു.എ.ഇയിലേക്ക് വിമാനമാർഗം എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായതായി കണക്ക്. വിമാനങ്ങളിലെ സിറ്റിങ് ശേഷിയിൽ 67.4 ശതമാനം വർധനവാണ് ഈ കാലയളവിലുണ്ടായത്. ആഗോള യാത്രാവിവര ശേഖരണ ഏജൻസിയായ ഒഫീഷ്യൽ എയർലൈൻസ് ഗൈഡ് (ഒ.എ.ജി) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം 38.16 ദശലക്ഷമായിരുന്നു വിമാനങ്ങളുടെ സിറ്റിങ് ശേഷി. 2020ൽ ഇത് 32.28 ദശലക്ഷമായിരുന്നു. എന്നാൽ, ഈ വർഷം 63.78 ദശലക്ഷമായാണ് ഉയർന്നത്. കോവിഡിൽനിന്ന് യാത്രാമേഖല പൂർണമായും തിരിച്ചുവരുന്നതിന്റെ തെളിവാണിത്. അതേസമയം, കോവിഡിന് മുമ്പുള്ള 2019ലെ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. 2019നേക്കാൾ 15.9 ശതമാനം കുറവാണ് ഈ വർഷം കാണിക്കുന്നത്. 2019ൽ 75.78 ദശലക്ഷമായിരുന്നു സിറ്റിങ് ശേഷി.
അതേസമയം, ദുബൈ വിമാനത്താവളത്തിലെ തിരക്ക് പഴയനിലയിലേക്ക് എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബൈ. ആ സ്ഥാനം ഇപ്പോഴും ദുബൈ നിലനിർത്തുന്നുണ്ട്.
ഒടുവിലെ കണക്കുപ്രകാരം ലണ്ടനിലെ ഹീത്രോ, പാരിസിലെ ചാൾസ് ഡി ഗാൾ എന്നീ വിമാനത്താവളങ്ങളെ പിന്നിലാക്കി ദുബൈതന്നെയാണ് ഒന്നാമത്. ഈ വർഷത്തെ ആദ്യ രണ്ട് പാദങ്ങളേക്കാൾ ഇരട്ടിയിലേറെ യാത്രക്കാരാണ് മൂന്നാം പാദത്തിൽ എത്തിയത്. 2023ൽ ഇതിനേക്കാൾ കൂടുതൽ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.