ദുബൈ: രാജ്യത്തിെൻറ സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഈ മാസം ആരംഭിക്കുന്ന 50പദ്ധതികളിലെ ആദ്യഘട്ടം പ്രഖ്യാപിച്ചു. ഗ്രീൻ, ഫ്രീലാൻസ് എന്നീ പേരുകളിൽ പുതിയ വിസ സേവനങ്ങൾ ഏർപ്പെടുത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. യു.എ.ഇ വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി ഡോ. ഥാനി അൽ സയൂദിയാണ് പുതിയ വിസ സംവിധാനം മാധ്യമങ്ങൾക്ക് വെളിപ്പെടുത്തിയത്. വിദ്യാർഥികൾ, നിക്ഷേപകർ, ബിസിനസുകാർ, പ്രത്യേക വൈദഗ്ധ്യമുള്ളവർ എന്നിവരുൾപ്പെടെ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കിയവർക്കാണ് ഗ്രീൻ വിസ അനുവദിക്കുക. ഇത് ലഭിക്കുന്നവർക്ക് രക്ഷിതാക്കളെയും 25വയസുവരെ മക്കളെയും സ്പോൺസർ ചെയ്യാൻ കഴിയും. കലാവധി കഴിഞ്ഞാൽ വിസ പുതുക്കുന്നതിന് 90മുതൽ 180ദിവസം വരെ ഗ്രേസ് പിരിയിഡും ലഭിക്കും.
പതിവ് താമസ വിസകളിൽ നിന്ന് വ്യത്യസ്തമായ ആനുകൂല്യങ്ങളും പദവികളും ഗ്രീൻ വിസക്കാർക്കുണ്ടാകും. ഏതെങ്കിലും കമ്പനിയുടെ ഭാഗമല്ലാതെ, സ്വന്തം നിലക്ക് നിലനിൽക്കാൻ ഇത് സഹായിക്കും. കൂടുതൽ ഗ്രേസ് പിരിയിഡ് ലഭിക്കുന്നതിനാൽ വിസ കാലാവധി കഴിഞ്ഞാലും ആറുമാസം വരെ രാജ്യത്ത് തങ്ങാനാകും. സാധാരണ വിസ കാലാവധി കഴിഞ്ഞാൽ 30ദിവസമാണ് ഗ്രേസ് പിരിയിഡ്. വർക്ക് പെർമിറ്റിൽ നിന്ന് റസിഡൻസ് പെർമിറ്റിനെ വേർതിരിക്കുന്ന പുതിയ റസിഡൻസ് സംവിധാനമെന്ന നിലയിൽ ഗ്രീൻ വിസ കൂടുതൽ പേരെ ആകർഷിക്കുന്നതാണ്. സ്വതന്ത്ര ബിസിനസുകാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ലഭിക്കുന്ന വിസയാണ് ഫ്രീലാൻസ് വിസ. വിവാഹമോചിതരായ സ്ത്രീകൾക്കും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന 15 വയസ് പിന്നിട്ട വിദ്യാർത്ഥികൾക്കും വിസ നൽകും.
നിലവിൽ മൂന്ന് ലയറുകളിലായി ഗോൾഡൻ, റെസിഡൻസി, ടൂറിസ്റ്റ് വിസകളാണ് രാജ്യത്ത് അനുവദിക്കുന്നത്. പ്രതിഭകളെ രാജ്യത്ത് തുടരാൻ പ്രേരിപ്പിക്കുന്നതാണ് കൂടുതൽ ഇളവുകൾ ലഭിക്കുന്ന പുതിയ വിസ സേവനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.