ദുബൈ: ബിസിനസ് ലാഭത്തിന് കോർപറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു.എ.ഇ ധനകാര്യ മന്ത്രാലയം. അടുത്ത വർഷം ജൂൺ ഒന്നുമുതൽ നിലവിൽ വരുന്ന രീതിയിലാണ് ഒമ്പത് ശതമാനം നികുതി ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ചെറുകിട-ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 3,75,000 ദിർഹം വരെയുള്ള ലാഭത്തിന് നികുതിയില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. തൊഴിൽ, റിയൽ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള വ്യക്തിഗത വരുമാനത്തിന് കോർപറേറ്റ് നികുതി ബാധകമല്ല.
ലൈസൻസുള്ളതോ അല്ലാത്തതോ ആയ ബിസിനസിൽ നിന്നോ മറ്റ് വാണിജ്യ പ്രവർത്തനങ്ങളിൽ നിന്നോ അല്ലാതെ വ്യക്തികൾ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിനോ നികുതിയുണ്ടാവില്ല. ആഗോളതലത്തിലെ മികച്ച രീതികൾ സംയോജിപ്പിക്കുന്നതിനായാണ് കോർപറേറ്റ് നികുതി വ്യവസ്ഥ രൂപപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യമായ അക്കൗണ്ടിങ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയാറാക്കിയ സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ പ്രകാരമുള്ള ലാഭത്തിനാണ് കോർപറേറ്റ് നികുതി നൽകേണ്ടിവരിക. എമിറേറ്റ് തലത്തിലുള്ള കോർപറേറ്റ് നികുതിക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്ന സംവിധാനങ്ങൾക്ക് ഒഴികെ, എല്ലാ ബിസിനസുകൾക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും ഒരുപോലെ നികുതി ബാധകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.