ദുബൈ: കനത്ത മഴ ദുരിതംവിതച്ച യു.എ.ഇയിൽ ജനജീവിതം പൂർവസ്ഥിതിയിലേക്ക് നീങ്ങുന്നു. കര, വ്യോമ, ട്രെയിൻ ഗതാഗത സംവിധാനങ്ങളെല്ലാം മിക്കതും വ്യഴാഴ്ച പുനരാരംഭിച്ചു. എമിറേറ്റ്സ്, ഫ്ലൈ ദുബൈ വിമാനക്കമ്പനികൾ ചെക്ക് ഇൻ ആരംഭിച്ചിട്ടുണ്ട്.
ദുബൈ വിമാനത്താവളം വെള്ളിയാഴ്ചയോടെ പൂർണമായും പൂർവസ്ഥിതിയിലാകുമെന്ന് അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് വ്യാഴാഴ്ച വരെ 1,244 വിമാനങ്ങളാണ് ദുബൈ വിമാനത്താവളത്തിൽ റദ്ദാക്കിയത്. 46 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ഷാർജ വിമാനത്താവളത്തിൽനിന്ന് എയർ അറേബ്യ വിമാനങ്ങൾ കഴിഞ്ഞദിവസം പുലർച്ച നാലുമുതൽ സർവിസ് പുനരാരംഭിച്ചു. ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ് വ്യാഴാഴ്ച ദൃശ്യമായത്.
റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ തുടരുന്നുണ്ടെങ്കിലും റോഡ് ഗതാഗതം മിക്ക ഭാഗങ്ങളിലേക്കും പുനരാരംഭിച്ചിട്ടുണ്ട്. ബസുകളും ടാക്സി സർവിസുകളും സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ, വെള്ളവും മണ്ണും കെട്ടിനിൽക്കുന്ന റോഡുകൾ താൽക്കാലികമായി അടച്ച് തടസ്സം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അതേസമയം, കനത്ത മഴയിൽ റോഡുകളിൽ ഡ്രൈവർമാർ ഉപേക്ഷിച്ച വാഹനങ്ങൾ പൂർണമായും നീക്കിയിട്ടില്ല. ഇക്കാര്യത്തിൽ അധികൃതർ നടപടി സ്വീകരിച്ചുവരുകയാണ്. രാജ്യത്ത് മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ പഠിക്കാനും പരിഹരിക്കാനും അധികൃതർക്ക് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി.വ്യാഴാഴ്ചയും തെളിഞ്ഞ കാലാവസ്ഥയായതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലായിട്ടുണ്ട്. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികൾക്ക് വേണ്ടി പ്രത്യേകം ഹെൽപ്ലൈൻ സേവനം ആരംഭിച്ചിട്ടുണ്ട്. വിവിധ മലയാളി കൂട്ടായ്മകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിക്കുന്നുണ്ട്.
വിമാനത്താവളത്തിൽ കുടുങ്ങി നവവരനും
ദുരിതത്തിലായി എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാർ
ഷാർജ: ഷാർജയിൽ നിന്ന് ചൊവ്വാഴ്ച രാത്രി കോഴിക്കോട്ടേക്ക് തിരിക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ വിമാനം പുറപ്പെട്ടത് 40 മണിക്കൂറിന് ശേഷം. രാവും പകലും വിമാനത്താവളത്തിൽ കഴിച്ചുകൂട്ടിയ ശേഷം വ്യാഴാഴ്ച വിമാനത്തിൽ കയറ്റിയെങ്കിലും മണിക്കൂറുകളോളം പിന്നെയും കമ്പനി വിമാനം വൈകിപ്പിച്ചെന്ന് യാത്രക്കാർ പറഞ്ഞു.
വ്യാഴാഴ്ച വിവാഹിതനാകേണ്ട നവവരനും യാത്രക്കാരുടെ കൂട്ടത്തിൽ ദുരിതത്തിലായി. മലപ്പുറം വേങ്ങര സ്വദേശിയുടെ യാത്രയാണ് മുടങ്ങിയത്. ഏപ്രിൽ 16ന് രാത്രി 11ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. മഴക്കെടുതിയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയപ്പോൾ കൈക്കുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാരും രാവും പകലും വിമാനത്താവളത്തിനകത്ത് കഴിച്ചുകൂട്ടുകയായിരുന്നു. യാത്ര വൈകിയത് മനസ്സിലാക്കാമെങ്കിലും എയർഇന്ത്യ എക്സ്പ്രസ് നിരുത്തരവാദ സമീപനമാണ് സ്വീകരിച്ചതെന്ന് ഇവർ പരാതിപ്പെട്ടു.
ദുബൈയിലും ഷാർജയിലും മഴക്കെടുതിയെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയെങ്കിലും യാത്രക്കാർക്ക് പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ബോർഡിങ് പാസ് കൈപ്പറ്റിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് വിവരങ്ങൾ നൽകാൻ പോലും തയാറായില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.