ദുബൈ: ഈജിപ്തുമായി സഹകരിച്ച് യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിൽ 82 ടൺ സഹായ വസ്തുക്കൾ കൂടി എത്തിച്ച് യു.എ.ഇ. വിമാനമാർഗം എയർഡ്രോപ് ചെയ്താണ് സഹായമെത്തിച്ചിരിക്കുന്നത്.
ഭക്ഷണമടക്കമുള്ള വസ്തുക്കൾ ഗസ്സയിലെ ഉൾപ്രദേശങ്ങളിലാണ് പ്രധാനമായും പാരച്യൂട്ട് വഴി ഇറക്കിയത്. ഈജിപ്തിന്റെയും യു.എ.ഇയുടെയും വ്യോമ സേന വിമാനങ്ങളാണ് ഓപറേഷനിൽ പങ്കെടുത്തത്. 35ാമത് എയർഡ്രോപ് മിഷനാണ് ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസം പൂർത്തീകരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഫെബ്രുവരി അവസാനത്തോടെയാണ് ആദ്യ എയർഡ്രോപ് ഗസ്സയിൽ യു.എ.ഇ നടത്തിയത്. അതിനുശേഷം ഇതിനകം 2,271ടൺ സഹായവസ്തുക്കൾ എത്തിച്ചുകഴിഞ്ഞു. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ഓപറേഷന്റെ ഭാഗമായാണ് എയർ ഡ്രോപ്പുകൾ നടക്കുന്നത്.
ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിന് ശേഷം നിരവധി സാമ്പത്തിക, ജീവകാരുണ്യ സഹായങ്ങൾ ഫലസ്തീനികൾക്ക് യു.എ.ഇ നൽകിയിട്ടുണ്ട്. അബൂദബിയിലെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ 1,200ലേറെ ഫലസ്തീനികൾക്ക് അഭയമൊരുക്കിയിട്ടുണ്ട്. ഇവരിൽ ഏറെയും അടിയന്തര ചികിത്സക്കായി എത്തിച്ചേർന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.