ദുബൈ: കോവിഡ് മഹാമാരിയെ അതിവേഗം മറികടന്ന യു.എ.ഇക്ക് അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടം. കോവിഡ് ആരംഭിക്കുന്നതിന് മുമ്പത്തെ ഘട്ടത്തേക്കാൾ യാത്രക്കാരാണ് ഈ വർഷം ആറുമാസത്തിൽ ദുബൈയിൽ വന്നിറങ്ങിയതെന്ന് ദുബൈ സാമ്പത്തിക-വിനോദ സഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2019ലെ ആദ്യ ആറുമാസം എമിറേറ്റിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയത് 83.6 ലക്ഷം യാത്രക്കാരാണെങ്കിൽ 2023 ആദ്യ പാതിയിൽ ഇത് 85.5 ലക്ഷമായി വർധിച്ചു.
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) പ്രവചനങ്ങളെപ്പോലും മറികടക്കുന്ന പ്രകടനമാണ് ഇക്കാര്യത്തിലുണ്ടായത്. കോവിഡ് പൂർവകാലത്തേതിൽ യാത്രക്കാരുടെ എണ്ണം 80-95 ശതമാനം വരെ തിരിച്ചുവരവാണ് ലോക വ്യാപാര സംഘടന പ്രതീക്ഷിച്ചിരുന്നത്.
ലോകത്ത് ഏറ്റവും കുടുതൽ സന്ദർശകരെത്തുന്ന നഗരമെന്ന നേട്ടത്തിലേക്ക് ദുബൈ അനുദിനം മുന്നേറുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എമിറേറ്റിന്‍റെ യാത്രാമേഖലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാർഷാദ്യ പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. യാത്രക്കാരുടെ എണ്ണം വർധിച്ചതിന് സമാനമായി ഹോട്ടൽ താമസവും വർധിച്ചു. ഹോട്ടൽ താമസം ശരാശരി 78 ശതമാനമാണ് ഈ വർഷം ആദ്യ പാതിയിൽ രേഖപ്പെടുത്തിയത്. ലോകത്തെതന്നെ ഏറ്റവും ഉയർന്ന ശരാശരിയാണിത്.
ആഗോള ടൂറിസം ആകർഷണ കേന്ദ്രമെന്ന ദുബൈയുടെ പദവിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം അന്താരാഷ്ട്രതലത്തിലെ വ്യാപാര-നിക്ഷേപ സംരംഭങ്ങളുടെ ഹബായി ഉയർത്തുന്നതുകൂടിയാണ് പുറത്തുവന്ന കണക്കുകളെന്ന നേട്ടം പ്രഖ്യാപിച്ചുകൊണ്ട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രസ്താവിച്ചു. അതിനിടെ കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ നീങ്ങിയശേഷം അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ അതിവേഗം മുന്നേറുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് യു.എ.ഇ ഇടംപിടിച്ചിട്ടുണ്ട്.
ആസ്ട്രിയക്കുശേഷമാണ് 84 യാത്രസൂചികകൾ അടിസ്ഥാനമാക്കി സ്കിഫ്റ്റ് റിസർച് തയാറാക്കിയ റിപ്പോർട്ടിൽ രാജ്യം ഇടംപിടിച്ചത്. ഗൾഫ് രാജ്യങ്ങളെല്ലാം പട്ടികയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പശ്ചിമേഷ്യ പൂർണമായും കോവിഡ് പൂർവകാലത്തിന് സമാനമായ സാഹചര്യത്തിലേക്ക് വളർന്നുകഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.