ഷാർജ: ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേരക്ക് ജാമ്യം അനുവദിച്ചു. ക്രിസാന്റെ അഭിഭാഷകൻ മുഹമ്മദ് അൽ റെധയാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം അവസാനിക്കുന്നത് വരെ പാസ്പോർട്ട് പിടിച്ചുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ ഒന്നിനാണ് ക്രിസാൻ ഷാർജയിൽ അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ മുംബൈ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആന്റണി പോൾ, രാജേഷ് ബബോട്ടെ എന്ന രവി എന്നിവരാണ് പിടിയിലായത്. ഇവർ ക്രിസാനെ കുടുക്കാൻ ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് വെക്കുകയും വിമാനമിറങ്ങുമ്പോൾ ഷാർജ പൊലീസിനെ അറിയിക്കുകയുമായിരുന്നെന്ന് മുംബൈ പൊലീസ് പറഞ്ഞു.
ആന്റണി പോളിന് ക്രിസാന്റെ മാതാവ് പ്രമീളയോടുള്ള മുൻവൈരാഗ്യമാണ് ഇതിന് പ്രേരിപ്പിച്ചതെന്നാണ് കുടുംബം പറയുന്നത്. രാജ്യാന്തര വെബ്സീരീസിൽ അവസരമുണ്ടെന്ന് പറഞ്ഞ് ആന്റണി പോളും രവിയും ചേർന്ന് ക്രിസാനെ സമീപിക്കുകയും ഇതിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് ട്രോഫി കൊടുത്തുവിടുകയുമായിരുന്നു.
ബേക്കറി ഉടമയാണ് ആന്റണി പോൾ. ബാങ്കിൽ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുകയാണ് രവി. മേയ് രണ്ട് വരെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്യും. ക്രിസാൻ നിരപരാധിയാണെന്നും ഷാർജ എയർപോർട്ടിൽ ക്രിസാനെ കാണാൻ ആരും എത്തിയിരുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. കോടതിയെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.