ദുബൈ: വടക്കൻ ഗസ്സയിലെ ഫലസ്തീനികൾക്ക് സഹായമെത്തിക്കാനായി ജോർഡനുമായി കൈകോർത്ത് യു.എ.ഇ. ജോർഡന്റെ പിന്തുണയോടെ കഴിഞ്ഞ ദിവസം 22 ടൺ ഭക്ഷ്യ വസ്തുക്കൾ ആകാശ മാർഗം എത്തിച്ചതായി എമിറേറ്റ് റെഡ് ക്രസന്റ് അറിയിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ് 3’ന്റെ ഭാഗമായാണ് സഹായ വിതരണം. സമുദ്ര, വ്യോമ മാർഗങ്ങൾ വഴി ഗസ്സക്ക് തടസ്സമില്ലാതെ സഹായങ്ങൾ എത്തിക്കുന്നതിന് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കഴിഞ്ഞ ദിവസം അബൂദബിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസ്സയിൽ സമാധാനം കൊണ്ടുവരുന്നതിനെ കുറിച്ചും ചർച്ച ചെയ്തിരുന്നു.
യു.എ.ഇയുടെ സഹായ വസ്തുക്കളുമായി ഫുജൈറയിൽനിന്ന് ചരക്കുകപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 4,128 ടൺ സഹായ വസ്തുക്കളാണ് ഇതിലുള്ളത്. ഗാലന്റ് നൈറ്റ് 3 സംരംഭത്തിന്റെ ഭാഗമായി ഗസ്സ മുനമ്പിൽ രണ്ട് ഫീൽഡ് ആശുപത്രികൾ, അൽ ആരിഷ് തുറമുഖത്ത് ഫ്ലോട്ടിങ് ആശുപത്രി, ഓട്ടോമേറ്റഡ് ബേക്കറികൾ എന്നിവ ഉൾപ്പെടെ നിരവധി സംരംഭങ്ങളും യു.എ.ഇ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ പ്രതിദിനം 12 ലക്ഷം ഗാലൻ ഉപ്പുജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള ആറ് പ്ലാന്റുകളും സ്ഥാപിച്ചിരുന്നു. ഏതാണ്ട് ആറു ലക്ഷം പേർക്ക് ഇതു വഴി കുടിവെള്ളം ലഭ്യമാക്കാനാവും. അടുത്തിടെ ‘നന്മയുടെ പറവകൾ’ എന്ന പേരിൽ ആകാശ മാർഗവും യു.എ.ഇ 468 ടൺ വസ്തുക്കൾ ഗസ്സയിൽ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.