ദുബൈ: അന്നംതേടുന്നവർക്ക് സ്നേഹ വിരുന്നൂട്ടാൻ യു.എ.ഇ നടപ്പാക്കുന്ന 100 മില്യൻ മീൽസ് പദ്ധതി ഈ റമദാനിലും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരിലേക്ക് ഈ റമദാനിൽ പത്ത് കോടി ഭക്ഷണപൊതികൾ എത്തിക്കുന്ന പദ്ധതിയാണിത്. 50 രാജ്യങ്ങളിലെ പാവപ്പെട്ടവരിലേക്ക് ഭക്ഷണ പൊതികൾ എത്തും. റമദാൻ ഒന്ന് മുതലാണ് കാമ്പയിൻ തുടങ്ങുന്നത്. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇതിലേക്ക് സംഭാവന നൽകാം. ലോകത്താകമാനം 800 ദശലക്ഷം ജനങ്ങൾ പട്ടിണിയിലാണെന്നും ഇവർക്ക് സഹായമെത്തിക്കാനാണ് ഞങ്ങളുടെ മനുഷ്യത്വവും മതവും പറയുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നതാണ് ഏറ്റവും നല്ല ദാനധർമം. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നവരാണ് ഏറ്റവും മികച്ചവർ. ലോകം വെല്ലുവിളികളിലൂടെ പോകുന്ന ഈ കാലത്ത് ഭക്ഷ്യസുരക്ഷയും മുഖ്യവെല്ലുവിളിയാണ്. പട്ടിണിയിൽനിന്ന് ഞങ്ങളുടെ സഹോദരന്മാരെ കരകയറ്റുക എന്നതാണ് പ്രധാന ദൗത്യം. ശതകോടി ഭക്ഷണപൊതികൾക്കൊപ്പം ശതകോടി മാനുഷിക സന്ദേശങ്ങളും യു.എ.ഇ ലോകത്തിന് കൈമാറുമെന്നും ശൈഖ് മുഹമ്മദ് കൂട്ടിചേർത്തു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്‍റെ നേതൃത്വത്തിലാണ് കാമ്പയിൻ നടത്തുന്നത്. കഴിഞ്ഞ വർഷത്തെ റമാദാനിലാണ് 100 മില്യൺ മീൽസ് കാമ്പയിൻ തുടങ്ങിയത്.
ജനങ്ങൾ ഏറ്റെടുത്തതോടെ ഭക്ഷണപൊതികളുടെ എണ്ണം ഇരട്ടി കവിഞ്ഞു. 47 രാജ്യങ്ങളിലായി 220 ദശലക്ഷം ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്. 2020ൽ 10 മില്യൺ മീൽസ് പദ്ധതി നടപ്പാക്കിയിരുന്നു. ഇത് 15 ദശലക്ഷം ആളുകളിലേക്ക് എത്തിയതോടെയാണ് കഴിഞ്ഞ വർഷം 100 ദശലക്ഷം പേരിലേക്ക് ഭക്ഷണമെത്തിക്കാൻ പദ്ധതിയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.